ആദ്യരാത്രിയിൽ നവദമ്പതികൾ മുറിയിൽ മരിച്ച നിലയിൽ; മരണകാരണം ഹൃദയാഘാതം, ദുരൂഹത

Advertisement

ലഖ്നൗ: ആദ്യരാത്രിയിൽ വധുവിനെയും വരനെയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഉത്തർപ്രദേശിലെ ബറൈച്ചിലെ കൈസർ​ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുൾപ്പെട്ട ​ഗോധിയ ​ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം.

വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് മുറിയിൽ കിടക്കാനായി പോയ വരൻ പ്രതാപ് യാദവ് (24), വധു പുഷ്പ യാദവ് (22) എന്നിവരെ പിറ്റേദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം കാരണമാണ് ഇരുവരും മരിച്ചതെന്ന് വ്യക്തമായി. ചൊവ്വാഴ്ചയായിരുന്നു രണ്ടുദിവസം നീളുന്ന വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാതായതോടെയാണ് സംശയം തോന്നിയത്. വാതിൽ അകത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ദമ്പതികൾക്ക് ഹൃദയസംബന്ധമായ രോ​ഗങ്ങളൊന്നും മുമ്പുണ്ടായിരുന്നില്ല. രണ്ടുപേർക്കും എങ്ങനെ ഒരേ ദിവസത്തിൽ ഏകദേശം ഒരേസമയം എങ്ങനെ ഹൃദയാഘാതമുണ്ടായി എന്നത് പൊലീസിനെ കുഴക്കുന്നു. ദുരൂഹത നീക്കുന്നതിനായി രണ്ട് മൃതദേഹങ്ങളുടെയും ആന്തരികാവയവങ്ങൾ ലഖ്‌നൗവിലെ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ബൽറാംപൂർ പൊലീസ് സൂപ്രണ്ട് പ്രശാന്ത് വർമ ​​പറഞ്ഞു. ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ വായുസഞ്ചാരം ഉണ്ടായിരുന്നില്ലെന്നും ഉറങ്ങുമ്പോൾ ശ്വാസംമുട്ടൽ മൂലം ഹൃദയസ്തംഭനം ഉണ്ടായേക്കാമെന്നും സംശയിക്കുന്നു.

ചൊവ്വാഴ്ചയായിരുന്നു വിവാഹ ചടങ്ങുകൾ തുടങ്ങിയത്. രണ്ട് ദിവസം പകലും രാത്രിയുമായി നീണ്ട ചടങ്ങുകൾക്കൊടുവിലാണ് ദമ്പതികൾ ഉറങ്ങാൻ പോയത്. മറ്റ് കുടുംബാംഗങ്ങൾ മറ്റ് മുറികളിൽ ഉറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്‌ച ഉച്ചവരെ ഇരുവരും മുറിയിൽ നിന്ന്‌ പുറത്തുവരാതിരുന്നപ്പോഴാണ്‌ കുടുംബാം​ഗങ്ങൾ വാതിൽ തകർത്ത് അകത്തുകയറിയത്.