എൽകെജി കൂട്ടുകാരിയെ കണ്ടെത്താൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി യുവതി

Advertisement

നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങളെ കൂട്ടി ഇണക്കുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് ചെറുതല്ല. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ജനപ്രിയമായതോടെ എന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ നിരവധി സൗഹൃദങ്ങളാണ് വീണ്ടെടുക്കപ്പെട്ടത്. കേട്ടാൽ സിനിമാ കഥ എന്ന് തോന്നുമെങ്കിലും ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും ഒരു സൗഹൃദം തേടലിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടെത്തുന്നതിന് വേണ്ടി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് നേഹ എന്ന യുവതി. തന്റെ എൽകെജി സുഹൃത്തായിരുന്നു ലക്ഷിതയെ കണ്ടെത്തുകയാണ് നേഹയുടെ ലക്ഷ്യം. എന്നാൽ, ലക്ഷിതയെക്കുറിച്ച് നേഹയ്ക്ക് ആകെ അറിയാവുന്നത് അവളുടെ പേരും എൽകെജിയിൽ പഠിക്കുമ്പോൾ എടുത്ത ഒരു ഫോട്ടോയും മാത്രമാണ്. ആ ഫോട്ടോ ഉപയോഗിച്ചാണ് ‘ഫൈൻഡിംഗ് ലക്ഷിത’ എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് നേഹ ആരംഭിച്ചിരിക്കുന്നത്.

തനിക്ക് ലക്ഷിതയെക്കുറിച്ച് അറിയാവുന്ന മുഴുവൻ വിവരങ്ങളും ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ബയോ വിഭാഗത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ് നേഹ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. “എന്റെ ദീർഘകാലമായി നഷ്ടപ്പെട്ട ബാല്യകാല സുഹൃത്തിനെ കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് ഞാൻ. ലക്ഷിതയ്ക്ക് വയസ്സ് 21. അവളുടെ സഹോദരൻറെ പേര് കുനാൽ എന്നായിരുന്നു” ഇതാണ് നേഹ അക്കൗണ്ടിൽ ചേർത്തിരിക്കുന്ന കുറിപ്പ്. ഇതിന് പുറമേ തന്റെ ബാല്യകാല സുഹൃത്തിന്റെ ഫോട്ടോ നേഹ ഇൻസ്റ്റാഗ്രാമിൽ കാണുന്ന ഓരോ ലക്ഷിതയ്ക്കും അയച്ചുകൊടുത്തും അന്വേഷണം തുടർന്നു.

ഒടുവിൽ അന്വേഷണം ശുഭപര്യവസായിയായി കലാശിച്ചു. നേഹ ഫോട്ടോ അയച്ചു കൊടുത്തവരിൽ ഒരാൾ അത് താനാണെന്ന് വെളിപ്പെടുത്തി. കൂടാതെ തങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലിന്റെ മനോഹരമായ ഒരു വീഡിയോയും അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.