ദുരിത പ്രയാണം,അരിക്കൊമ്പന്‍ വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നു

Advertisement

തിരുനെല്‍വേലി . അരിക്കൊമ്പന്‍ വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നു. തേനി ജില്ലയിലെ പൂശാരം പെട്ടിയിൽ നിന്ന് കുങ്കി ആനകളുടെ സഹായത്തോടെ പിടികൂടിയ അരികൊമ്പനെ തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറൈ വനമേഖലയില്‍ എത്തിച്ചിട്ടുണ്ട്. ആനയെ പുതിയ ആവാസ മേഖലയിലേക്ക് എത്തിച്ചുവെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങള്‍ മൂലം ഉടന്‍ തുറന്നുവിടുന്നില്ല. കോടതിഉത്തരവുകൂടി പരിഗണിച്ചാവും അരിക്കൊമ്പന്‍റെ കാടുകയറ്റം.


മയക്കു വെടി വെക്കാൻ തമിഴ്നാട് വനം വകുപ്പ് ഉത്തരവിട്ട് ഒമ്പത് ദിവസം കഴിയുമ്പോഴാണ് അരിക്കൊമ്പൻ പിടിയിലായത്. ഒരാഴ്ചയിലേറെയായി വനത്തിനുള്ളിൽ നിന്ന കൊമ്പൻ ഇന്നലെ രാത്രി 10 മണിയോടെ പുറത്തിറങ്ങി. ജനവാസ മേഖലയിൽ എത്തിയെന്ന് വിവരം ലഭിച്ചതോടെ ദൗത്യസംഘം പൂർണ്ണസജ്ജമായി. 86 അംഗസംഘം 12 മണിയോടെ ദൗത്യ മേഖലയിൽ. പുലർച്ചെ ഒരു മണിക്ക് മുൻപ് മയക്ക് വെടി. രണ്ടു ബൂസ്റ്റർ ഡോസ് കൂടി നൽകിയ ശേഷം കുങ്കിയാനകളെ എത്തിച്ചു. കാലിൽ വടം കെട്ടിയ അരികൊമ്പനെ കുങ്കികൾ വരുതിയിലാക്കി. ആറുമണിയോടെ അരികൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റി. മുതുമലയിൽ നിന്നും, ആനമലയിൽ നിന്നും എത്തിച്ച സ്വയംഭൂ, ഉദയൻ, മുത്തു എന്നീ കുങ്കിയാനകളാണ് ദൗത്യത്തിൽ നിർണായക പങ്കുവഹിച്ചത്. ശ്രീവില്ലി പുത്തൂർ – മേഘമലെ ടൈഗർ റിസർവ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കായിരുന്നു മിഷൻ അരി കൊമ്പന്റെ ചുമതല. മയക്കു വെടി വെക്കാൻ ഹെസൂർ ഡിവിഷനിൽ നിന്ന് ഡോ. കലൈവാനനും മധുരാ ഡിവിഷനിൽ നിന്ന് ഡോ. പ്രകാശും എത്തിയിരുന്നു. ഏഴുമണിയോടെയാണ് പൂസാരം പെട്ടിയിൽ നിന്ന് ആനയുമായി ദൗത്യസംഘം യാത്രതിരിച്ചത്. വെള്ളിമല വരശനാട് ഭാഗത്തേക്ക് ആനയെ നീക്കും എന്നായിരുന്നു ആദ്യ സൂചന. എന്നാൽ തിരുനെൽവേലിയാണ് വനം വകുപ്പ് തിരഞ്ഞെടുത്തത്. കമ്പത്ത് നിന്ന് 250 കിലോമീറ്റർ അകലെയുള്ള കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതം. ഇതിനിടെ വനംവകുപ്പിനെ വെട്ടിലാക്കി മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന എറണാകുളം സ്വദേശി റബേക്ക ജോസഫിന്റെ ഹർജി പരിഗണിക്കും വരെ ആനയെ കാട്ടിൽ തുറന്നു വിടരുതെന്ന് നിർദ്ദേശം. എന്നാൽ അരിക്കൊമ്പന്റെ ആരോഗ്യം പരിഗണിച്ച് വനത്തിൽ തുറന്നു വിടണം എന്ന് തമിഴ്നാട് സർക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്ന് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. തുടർച്ചയായി മയക്കുവെടി കൊണ്ടതും, പൊള്ളുന്ന വെയിലിൽ 300 കിലോമീറ്റർ ലോറിയിൽ നിർത്തി കൊണ്ടുവന്നതും ആനയുടെ ആരോഗ്യനില മോശമാകാൻ ഇടയായി എന്നാണ് വിലയിരുത്തൽ. ആനയുടെ തുമ്പിക്കൈയിലെ മുറിവും ഗുരുതരമാണ്.

Advertisement