ഒഡിഷ ട്രെയിനപകടം; മരിച്ചവരുടെ കുടുംബത്തിന് കോലി 30 കോടി ധനസഹായം നൽകിയോ; വാസ്തവം ഇതാണ്

Advertisement

ലണ്ടൻ: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് വിരാട് കോലി 30 കോടി രൂപ ധനസഹായമായി നൽകിയെന്ന വാർത്തകൾ പ്രചരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത പിന്നീട് ചില ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് യാതൊരു ഔദ്യോഗിക വിശദീകരണങ്ങളും ഇതുവരെ ഇല്ലാത്തതിനാൽ ഇത് വെറും അഭ്യൂഹമാണെന്ന് സ്ഥിരീകരിക്കാം.

ഒഡിഷയിൽ ട്രെയിൻ അപകടം ഉണ്ടായപ്പോൾ മരിച്ചവരുടെ കുടുംബാഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് കോലി ട്വീറ്റ് ചെയ്തെങ്കിലും കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും തരത്തിൽ ധന സഹായം നൽകുമെന്ന് പറഞ്ഞിട്ടില്ല. സമൂഹമാധ്യമങ്ങളിൽ കോലി ആരാധകരിൽ ആരോ തയാറാക്കി പുറത്തിറക്കിയ വ്യാജ വാർത്തയാണ് ഇപ്പോൾ കോലി 30 കോടി രൂപ ധനസഹായമായി നൽകിയെന്ന രീതിയിൽ പ്രചരിക്കുന്നത്.

കോലി ആരാധകരിൽ പലരും ഇത് ആവേശപൂർവം സമൂഹമാധ്യങ്ങളിൽ പങ്കുവെക്കുന്നുമുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനായി കോലി ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലാണുള്ളത്. നാളെയാണ് ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തുടങ്ങുന്നത്.

അതിനിടെ, ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഇന്ത്യൻ താരം യുസ്വേന്ദ്ര ചാഹൽ ധനസഹായമായി ഒരു ലക്ഷം രൂപ നൽകിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. ഒഡിഷയിലെ ബാലസോറിൽ ജൂൺ രണ്ടിന് വൈകീട്ട് മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട അപകടത്തിൽ 275 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. ആയിരത്തോളം പേർക്ക് പരിക്കേറ്റു.അപകടം നടന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ബാലസോർ ഇനിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ടില്ല.