അഹമ്മദാബാദ്: വർഗീയച്ചുവയുള്ള ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസ് പേസർ യാഷ് ദയാൽ. തൻറെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും തൻറെ അറിവില്ലാതെ രണ്ട് പോസ്റ്റുകൾ തൻറെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടുവെന്നും യാഷ് ദയാൽ പറഞ്ഞു.
ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യാഷ് ദയാൽ പറഞ്ഞു. എല്ലാ സമുദായങ്ങളോടും തനിക്ക് ഒരേ ബഹുമാനമാണുള്ളതെന്നും തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് വന്ന രണ്ട് പോസ്റ്റുകളും തൻറെ വിശ്വാസമല്ലെന്നും യാഷ് ദയാൽ വിശദീകരിച്ചു.
ദില്ലിയിൽ പതിനാറ് വയസുള്ള പെൺകുട്ടിയെ സുഹൃത്തായ യുവാവ് കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെടുത്തിയുള്ള കാർട്ടൂൺ ആണ് യാഷ് ദയാലിൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലുള്ള കാർട്ടൂൺ ആയിരുന്നു ഇത്. ഇത് വിവാദമായതിന് പിന്നാലെ പോസ്റ്റുകൾ ഡീലിറ്റ് ചെയ്ത യാഷ് ദയാൽ തനിക്ക് എല്ലാ സമുദായത്തോടും ഒരുപോലെ ബഹുമാനമുണ്ടെന്നും വെറുപ്പ് പടർത്തരുതെന്നും വിവാദ പോസ്റ്റിൽ മാപ്പു പറയുന്നുവെന്നും യാഷ് ദയാൽ പറഞ്ഞിരുന്നു. എന്നാൽ അതിന് മുമ്പെ ദയാലിൻറെ ഇൻസ്റ്റഗ്രാം സ്റ്റോറി സ്ക്രീൻ ഷോട്ടുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഇതിന് പിന്നാലെ ഐപിഎല്ലിൽ യാഷ് ദയാലിനെ ഒരോവറിൽ അഞ്ച് സിക്സിന് പറത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗിനെ വാഴ്ത്തി സമൂഹമാധ്യമങ്ങളിൽ ആരാധകരും രംഗത്തെത്തിയിരുന്നു. യാഷിനെ റിങ്കു സിംഗ് ഓരോവറിൽ അഞ്ച് സിക്‌സ് അടിച്ചത് നന്നായെന്നായിരുന്നു ആരാധകരുടെ പക്ഷം.ഗുജറാത്ത് ടീമിലുള്ള സഹതാരങ്ങളെ കുറിച്ചോർത്തെങ്കിലും യഷ് ഇത് ചെയ്യരുതായിരുന്നുവെന്നും ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് റിങ്കുവിന് നന്ദി അറിയിച്ച് ആരാധകരും രംഗത്തെത്തി
ദില്ലിയിൽ പതിനാറ് വയസുള്ള പെൺകുട്ടിയെ സുഹൃത്തായ യുവാവാണ് കുത്തിക്കൊലപ്പെടുത്തിയത്. രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് യുവാവ് പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്. കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവ് നിരവധി തവണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തുകയും സിമൻറ് കല്ലുകൊണ്ട് തലക്കടിക്കുകയും ചെയ്താണ് കൊലപാതകം നടത്തിയത്.