ന്യൂഡെല്‍ഹി. ഇന്ത്യയില്‍ നികുതി കുറച്ചാണ് അടച്ചതെന്ന് ബിബിസി തുറന്നു സമ്മതിച്ചു. ആദായനികുതി വകുപ്പിന് അയച്ച ഇ മെയിലിലാണ് ബിബിസി ഇക്കാര്യം സമ്മതിച്ചത്
ക്രമപ്രകാരം അടയ്ക്കേണ്ട എല്ലാ നികുതിയും ഇനിമുതൽ കൃത്യമായി അടയ്ക്കാം എന്ന് ബിബിസി നികുതി വകുപ്പിനെ അറിയിച്ചു.
40 കോടിയോളം രൂപയാണ് ബിബിസി കുറച്ച് കാട്ടിയത്.വീഴ്ച ഇനി ആവർത്തിക്കില്ലെന്നും ബി ബി സി വ്യക്തമാക്കിയിട്ടുണ്ട്.
ബിബിസിയുടെ ഡല്‍ഹിയിലെ ഓഫിസില്‍ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ റെയ്ഡിന്റെ തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ബിബിസിയുടെ നിലപാട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് വകുപ്പിന് ഇ- മെയില്‍ വഴി നല്‍കിയ വിശദീകരണത്തിലാണ് ബിബിസി യഥാര്‍ത്ഥ നികുതി നല്‍കാതെയാണ് നാളിതുവരെ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കിയത്. ബാധ്യതയേക്കാള്‍ കുറഞ്ഞ നികുതിയാണ് കമ്പനി ഇന്ത്യയില്‍ അടയ്ക്കുന്നതെന്നും ആകെ കണക്കെടുത്താല്‍ കുടിശ്ശികയുള്‍പ്പെടെ 40 കോടി രൂപവരുമെന്നും ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു . നികുതി കുറച്ചാണ് അടച്ചത് എന്ന് സമ്മതിച്ചതിനാൽ വകുപ്പ് നിശ്ചയിക്കുന്ന പിഴ തുകയും ഇനി ബിബിസിക്ക് അടക്കേണ്ടതായി വരും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന ഗുജറാത്ത് കലാപ ഫീച്ചര്‍ ബിബിസി പുറത്തുവിട്ടതിന്‍റെ പേരിലാണ് ബിബിസിയില്‍ റെയിഡ് നടന്നതെന്ന് ആരോപിച്ച് വന്‍ വിവാദമുണ്ടായിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബിബിസിയുടെ പക്ഷം ചേര്‍ന്നതോടെ പ്രശ്നം വന്‍ വിവാദമായിമാറിയിരുന്നു.