മുംബൈ: മുംബൈയിൽ ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ മൃതദേഹം മരംമുറിയ്ക്കുന്ന യന്ത്രം ഉപയോഗിച്ച് 20 കഷ്ണങ്ങളാക്കി മുറിച്ചെന്നും ചിലഭാഗങ്ങൾ പ്രഷർ കുക്കറിൽ വേവിച്ച് തെരുവ് പട്ടികൾക്ക് നൽകിയെന്നും പൊലീസ് പറഞ്ഞു. ദുർഗന്ധം വമിക്കാതിരിക്കാനാണ് കുക്കറിൽ തിളപ്പിച്ചത്. ആദ്യം യുവതിയുടെ കാൽ മാത്രമാണ് ലഭിച്ചത്. പിന്നീട് വീട്ടിൽ നടത്തിയ തിരച്ചിലിൽ 13ഓളം ശരീരഭാഗങ്ങൾ ലഭിച്ചെന്നും പൊലീസ് പറഞ്ഞു.
ഹാളിലായിരുന്നു യന്ത്ര വാൾ സൂക്ഷിച്ചിരുന്നത്. മുറിയിലാകെ കറുത്ത പ്ലാസ്റ്റിക് ബാഗ് വാരിവലിച്ചിട്ട നിലയിലായിരുന്നു. മുറിയിലെ ചവറ്റുകൊട്ടയിൽ മൃതദേഹം ചെറുകഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ മൃതദേഹത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കുകയായിരുന്നു. പതിവില്ലാതെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകി. മൃതദേഹാവശിഷ്ടം കലർത്തിയ ഭക്ഷണമാണ് നൽകിയതെന്ന് പൊലീസ് സംശയിക്കുന്നു. ഡ്രെയിനേജിലും മൃതദേഹം ഒഴുക്കിയെന്നും സംശയമുണ്ട്. പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. ഇരുവരും സമീപം താമസിക്കുന്നവരുമായി അടുത്തിടപഴകിയില്ലെന്നും അയൽക്കാർ പറഞ്ഞു. കൊലയിലേക്ക് നയിച്ച കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്‌മെന്റിലാണ് 56 കാരൻ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചത്. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗർ ഫേസ് ഏഴിലെ ഫ്ലാറ്റിൽ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
ബോരിവാലിയിൽ ചെറിയ കട നടത്തുകയാണ് മനോജ്. പരാതിയെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടിൽ നിന്ന് അഴുകിയ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇൻ റിലേഷനായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും കുക്കറിൽ തിളപ്പിക്കുകയും ചെയ്തു. തെളിവുകൾ മറച്ചുവെക്കാൻ പ്രതി ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. ദില്ലിയിലെ ശ്രദ്ധാ വാക്കറുടെ കൊലപാതകത്തിന് സമാനമായാണ് മുംബൈയിലും നടന്നതെന്ന് പൊലീസ് പറഞ്ഞു.