ബഹനാഗ സ്റ്റേഷന്‍ സീല്‍ ചെയ്ത് സിബിഐ; ഒരു ട്രെയിനും നിര്‍ത്തില്ലെന്ന് റെയില്‍വേ

Advertisement

ഭൂവനേശ്വർ:ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്റ്റേഷനില്‍ ഒരു ട്രെയിനും ഇനി നിര്‍ത്തില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം ബഹനാഗ സ്റ്റേഷനിലെ ലോഗ് ബുക്കും റിലേ പാനലും ഉപകരണങ്ങളും പിടിച്ചെടുത്ത ശേഷമാണ് സ്റ്റേഷന്‍ സീല്‍ ചെയ്തത്.റെയില്‍വേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ രണ്ടിനായിരുന്നു രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്സ് ട്രെയിനും ഉള്‍പ്പെട്ട ട്രെയിന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ 288 പേര്‍ കൊല്ലപ്പെടുകയും 1200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്റ്റേഷന്‍ സീല്‍ ചെയ്യുകയും ലോഗ് ബുക്കും റിലേ പാനലും മറ്റ് ഉപകരണങ്ങളും സിബിഐ പിടിച്ചെടുത്തെന്നും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആദിത്യ കുമാര്‍ ചൗധരി പറഞ്ഞു. ”സിഗ്‌നലിംഗ് സിസ്റ്റത്തിലേക്കുള്ള ജീവനക്കാരുടെ പ്രവേശനം നിരോധിക്കുന്ന റിലേ ഇന്റര്‍ലോക്കിംഗ് പാനല്‍ സീല്‍ ചെയ്തിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസഞ്ചറോ ഗുഡ്സ് ട്രെയിനോ ബഹനാഗ ബസാറില്‍ നിര്‍ത്തില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകട ശേഷം 51 മണിക്കൂറിനുള്ളില്‍ അപ്പ്, ഡൗണ്‍ ലൈനുകള്‍ ഗതാഗതയോഗ്യമാക്കിയിരുന്നു. ഇതിന് ശേഷം കുറഞ്ഞത് ഏഴ് ട്രെയിനുകളെങ്കിലും സ്റ്റേഷനില്‍ നിര്‍ത്തി. ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലൂടെ പ്രതിദിനം 170 ട്രെയിനുകള്‍ കടന്നുപോകുന്നുണ്ടെങ്കിലും, ചില പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് സ്റ്റേഷനില്‍ ഒരു മിനിറ്റ് നിര്‍ത്തുന്നത്. ജൂണ്‍ 5 നാണ് അപകടശേഷം ഇതേ സ്ഥലത്തൂടെ ആദ്യത്തെ ട്രെയിന്‍ ഗതാഗതം നടന്നത്.

രാജ്യത്തെ ഞെട്ടിച്ച അപകടത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ മൂലകാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സംവിധാനത്തിലെ മാറ്റമാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. അപകടത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന തരത്തിലുള്ള റെയില്‍വേ മന്ത്രി പ്രതികരണവും നിര്‍ണായകമായി. ഇലക്ട്രോണിക് ഇന്റര്‍ലോക്ക് സംവിധാനത്തില്‍ അട്ടിമറിയും കൃത്രിമത്വവും ഉണ്ടായേക്കാമെന്നും റെയില്‍വേ ഉദ്യോഗസ്ഥരും സൂചിപ്പിച്ചിരുന്നു.

അതേസമയം, മരിച്ച 288 പേരില്‍ 200 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറി, എന്നാല്‍ 80 ഓളം പേരെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ മൃതദേഹങ്ങള്‍ ഭുവനേശ്വര്‍ എയിംസ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ 1,200 യാത്രക്കാരില്‍ 709 പേര്‍ക്ക് റെയില്‍വേ ഇതിനകം ധനസഹായം നല്‍കിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞു

Advertisement