പ്രധാനമന്ത്രി ഉ​ദ്ഘാടനം ചെയ്തിട്ട് നാല് മാസം മാത്രം; ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ പാലത്തിന് തകരാർ

Advertisement

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ചിലെ പാലത്തിന് കേടുപാടുകൾ. ഈ ഭാ​ഗത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പാലത്തിന് തകരാറുണ്ടായത്. ​ഗുരു​ഗ്രാമിന് 100 കിലോമീറ്റർ അകലെയുള്ള നുഹ് വില്ലേജിലെ മഹുനിൽ നിർമിച്ച പാലത്തിനാണ് വിള്ളൽ. ചെറിയ ഭാ​ഗം കോൺ​ക്രീറ്റും അടർന്നുവീണു. പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും അറ്റകുറ്റപ്പണികൾ പുരോ​ഗമിക്കുകയാണെന്നും നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചു.

21 അടി നീളമുള്ള പാലത്തിന്റെ ചെറിയ ഭാ​ഗത്ത് മാത്രമാണ് പ്രശ്നങ്ങളെന്നും ദേശീയപാത അതോറിറ്റി ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഫിറോസ്പുർ ജിർഖ-പിനങ്ങ്വാൻ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. സമീപകാലത്താണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞതെന്ന് ആരോപണമുയർന്നു. തകർന്ന ഭാ​ഗത്തെ സാമ്പിൾ പരിശോധനക്കെടുത്തെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ സോഹ്ന-ദൗസ സ്ട്രെച്ചർ ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

12150 കോടി ചെലവിൽ 246 കിലോമീറ്റർ അതിവേ​ഗ ഇടനാഴിയാണ് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ച്. ദില്ലി-മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം പുരോ​ഗമിക്കുകയാണ്. 1386 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേക്ക് 98000 കോടി രൂപയാണ് ചെലവ്. പദ്ധതി പൂർത്തിയായാൽ ഡൽഹി-മുംബൈ സമയം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ 24 മണിക്കൂറാണ് ഇരുന​ഗരങ്ങൾക്കിടയിലെ യാത്രാ സമയം. ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.