പാളത്തിൽ തലവച്ചയാളെ സാഹസികമായി മാറ്റി വനിത പൊലീസ്; പിന്നാലെ ട്രെയിൻ

Advertisement

കൊൽക്കത്ത: റെയിൽപാളത്തിൽ തലവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ സാഹസികമായി രക്ഷപ്പെടുത്തി. ബംഗാളിലെ പുർബ മെദിനിപുർ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചു.

പ്ലാറ്റ്ഫോമിൽ ഒരു യാത്രക്കാരൻ നിൽക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. പെട്ടെന്ന് ഇയാൾ പാളത്തിലേക്ക് ഇറങ്ങി. ട്രെയിൻ വരാനിരിക്കുന്ന പാളത്തിൽ തലവച്ചു കിടന്നു. ആ സമയത്ത് അടുത്ത പ്ലാറ്റ്ഫോമിലേക്കു വന്ന കെ.സുമതി എന്ന റെയിൽവേ പൊലീസ് കോൺസ്റ്റബിൾ ഇതു കണ്ടു. പാളത്തിലേക്ക് ഇറങ്ങി അവർ ഇയാളെ മാറ്റി. സഹായത്തിനായി രണ്ടു പുരുഷന്മാർ അവിടേക്ക് എത്തുന്നതും കാണാം.

ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ ട്രാക്കിൽനിന്നു മാറ്റിയ ഉടനെ ആ ട്രാക്കിലൂടെ ട്രെയിൻ കടന്നു പോകുന്നതും വിഡിയോയിലുണ്ട്. ‘‘വനിതാ കോൺസ്റ്റബിൾ സുമതി ധൈര്യപൂർവം ഒരാളെ ട്രാക്കിൽനിന്ന് മാറ്റുന്നു. ജോലിയോടുള്ള അവരുടെ സമർപ്പണ മനോഭാവത്തിന് അഭിനന്ദനം’’– എന്ന കുറിപ്പോടെയാണ് ആർപിഎഫ് വിഡിയോ പങ്കുവച്ചത്. യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ആർപിഎഫ് ഉദ്യോഗസ്ഥയെ പ്രകീർത്തിച്ചു വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി.

‘മഹത്തായ സമർപ്പണ മനോഭാവം. അഭിനന്ദനങ്ങൾ.’– എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച അയാളോട് ദയ തോന്നുന്നു. ചുറ്റിലും നിരവധി ആളുകളുണ്ടെങ്കിലും ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരെ കുറിച്ച് പലരും ആലോചിക്കാറില്ല.’– എന്ന രീതിയിലും കമന്റുകൾ എത്തി.

https://www.timesnownews.com/videos/viral-videos/west-bengal-rpf-lady-constable-rescues-man-from-track-seconds-before-train-arrives-video-100864605
Advertisement