മുംബൈ: പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്ലാറ്റിൽ സൂക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ മനോജ് സാനെ(56) കൊലപാതകശേഷം മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുത്തിരുന്നതായി പൊലീസ്. മൃതദേഹം ഏതുരീതിയിൽ ഉപേക്ഷിക്കണമെന്ന് അറിയാൻ സാനെ ഗൂഗിളിൽ നിരവധി തിരച്ചിലുകളും നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുംബൈ മീരാറോഡ് ഈസ്റ്റിലെ താമസ സമുച്ചയത്തിലെ ഏഴാംനിലയിൽ ഒപ്പം താസമിച്ചിരുന്ന സരസ്വതി വൈദ്യയെ (32) ആണ് മനോജ് സാനെ കൊലപ്പെടുത്തിയത്.
ചോദ്യം ചെയ്യലിനിടെ സാനെ പലതവണ മൊഴി മാറ്റി പറഞ്ഞെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിനുശേഷം ജൂൺ നാലിന് പ്രതി ഒരു ഹാർഡ്‌വെയർ കടയിൽനിന്ന് ഇലക്ട്രിക് കട്ടർ (ചെയിൻസോ) വാങ്ങിയിരുന്നു, ഇത് ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയത്. ഇതിന്റെ ചെയിൻ ഇടയ്ക്ക് ഊരിപോയതിനാൽ വാങ്ങിയ അതേ കടയിൽ തന്നെ നന്നാക്കുന്നതിനായി കൊണ്ടുപോയി.
കട്ടർ പൂർണ്ണമായും വൃത്തിയാക്കിയതിനാൽ ഇത് എന്തിനാണ് ഉപയോഗിച്ചതെന്ന് കടയിലുള്ളവർക്ക് ഉൾപ്പെടെ മനസ്സിലായില്ല. മൃതദേഹത്തിൽനിന്നു ദുർഗന്ധം വമിക്കുന്നത് ഒഴിവാക്കാൻ എന്തുചെയ്യണമെന്ന് ഗൂഗിളിൽ തിരഞ്ഞ പ്രതി, പ്രദേശത്തെ ഒരു കടയിൽനിന്ന് അഞ്ച് കുപ്പി നീലഗിരി എണ്ണ വാങ്ങിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. .
സരസ്വതിയുടെയും അടുത്ത ബന്ധുക്കളുടെയും ഡിഎൻഎ സാംപിളുകൾ പൊലീസ് തിങ്കളാഴ്ച ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. സരസ്വതിയുടെ നാല് സഹോദരിമാരിൽ മൂന്നു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊലപാതകശേഷം സരസ്വതിയുടെ നീണ്ട മുടി മുറിച്ച് പ്രതി ഫ്ലാറ്റിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്നു. ഇതു കണ്ട സഹോദരിമാർ വികാരാധീനരായി.
സരസ്വതിയെ വിവാഹം കഴിച്ചത് ബോറിവലിയിലെ ഒരു ക്ഷേത്രത്തിൽ വച്ചാണെന്ന് പ്രതി സമ്മതിച്ചതിനാൽ ക്ഷേത്രത്തിലെ പൂജാരിയെ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതോടൊപ്പം ഇവരുടെ വിവാഹത്തിനു മറ്റു സാക്ഷികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. പ്രായവ്യത്യാസത്തിന്റെ പേരിലാണ് ഇരുവരും തങ്ങളുടെ വിവാഹം പരിചയക്കാരിൽനിന്നു മറച്ചുവച്ചിരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി മീരാ റോഡിലെ ഫ്ലാറ്റിലാണ് ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്നത്.