ഹൈദരാബാദ്: തെലങ്കാനയിൽ പത്തൊൻപതുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. ജുട്ടു സിരിഷ എന്ന പെൺകുട്ടിയാണ് മരിച്ചത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ക്രൂഡ്രൈവർ കൊണ്ട് പെൺകുട്ടിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചിട്ടുണ്ട്. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.
കാലാപ്പുർ എന്ന ഗ്രാമത്തിലെ കുളത്തിലാണു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വികാരാബാദിലെ ഒരു സ്വകാര്യ കോളജിലെ നഴ്‌സിങ് വിദ്യാർഥിനിയായ സിരിഷ, അമ്മയ്ക്ക് അസുഖം വന്നതിനെ തുടർന്നു രണ്ടു മാസം മുൻപ് പഠനം നിർത്തിയതായി റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാത്രി മുതൽ സിരിഷയെ കാണാതാകുകയായിരുന്നു. വീട്ടുകാരെ അറിയിക്കാതെയാണു സിരിഷ വീടുവിട്ടിറങ്ങിയത്. തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഞായറാഴ്‌ച നാട്ടുകാരാണു കുളത്തിനു സമീപം സിരിഷയുടെ വസ്ത്രങ്ങൾ കണ്ടത്. തുടർത്തു നടത്തിയ പരിശോധനയിൽ കുളത്തിൽ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കുളത്തിൽനിന്നു പുറത്തെടുത്തു. മൃതദേഹത്തിന്റെ തലയിലും കൈയിലും കത്തികൊണ്ടുള്ള മുറിവുകൾ കണ്ടെത്തി.
പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം വികാരാബാദ് സർക്കാർ ആശുപത്രിയിലേക്കു മാറ്റി. കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിച്ച് സിരിഷയുടെ മൂത്ത സഹോദരിയുടെ ഭർത്താവ് അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സിരിഷയുടെ കോൾ ഡേറ്റ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
കുളത്തിനു സമീപം സിസിടിവി ക്യാമറകൾ ഇല്ലാത്തതു വെല്ലുവിളിയാണ്. സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ടതിനെ തുടർന്ന് സിരിഷ വീടുവിട്ടിറങ്ങിയതായാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. സഹോദരീഭർത്താവുമായും വഴക്കിട്ടിരുന്നു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.