ജ്വല്ലറിയില്‍ കയറി ഉടമയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഒരുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പഞ്ചാബിലെ മോഗ നഗരത്തിലെ ഏഷ്യാ ജ്വല്ലറിയിലാണ് അഞ്ചംഗ അക്രമിസംഘം കവര്‍ച്ച നടത്തിയത്. ഉടമയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജ്വല്ലറി ഉടമ പര്‍മീന്ദര്‍ സിങ്ങാണ് മരിച്ചത്. അക്രമികളുടെ വെടിയേറ്റ ജ്വല്ലറി ഉടമയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.15 ഓടെയാണ് കവര്‍ച്ചസംഘം സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ അക്രമി സംഘം കടയില്‍ എത്തിയത്. ഇവരെ ആഭരണങ്ങള്‍ കാണിക്കുന്ന ജ്വല്ലറി ഉടമയെയും ജീവനക്കാരിയെയും ദൃശ്യങ്ങളില്‍ കാണാം. അവര്‍ ആഭരണ പെട്ടികള്‍ ഒന്നൊന്നായി മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു. അതിനിടെയാണ് അക്രമി സംഘം ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തത്. വയറില്‍ വെടിയേറ്റ ഉടമ അവിടെ തന്നെ കുഴഞ്ഞുവീണു. ഈ സമയത്ത് അക്രമിസംഘം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.