ന്യൂഡല്‍ഹി. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ ഏകീകൃത സിവില്‍കോഡ് സജീവമാക്കാന്‍ മോദി സര്‍ക്കാര്‍. കേന്ദ്ര നിര്‍ദേശപ്രകാരം 22-ാം നിയമ കമ്മീഷന്‍ പൊതുജനങ്ങളില്‍നിന്നും അംഗീകൃത മതസംഘടനകളില്‍നിന്നും വിഷയത്തില്‍ വീണ്ടും അഭിപ്രായം തേടി. താല്‍പ്പര്യമുള്ളവര്‍ 30 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര നിയമമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് 21–ാം നിയമ കമ്മീഷന്നും ഏകീകൃത സിവില്‍കോഡ് വിഷയം പരിഗണിച്ചിരുന്നു.ചോദ്യാവലി തയ്യാറാക്കി 2016 ഒക്ടോബറില്‍ അഭിപ്രായങ്ങള്‍ തേടി. 2018 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും പ്രത്യേക നോട്ടീസുകള്‍ പുറപ്പെടുവിച്ച് അഭിപ്രായങ്ങള്‍ ആരാഞ്ഞു. സിവില്‍ കോഡ് വിഷയത്തില്‍ വലിയ പ്രതികരണം നിയമ കമ്മീഷന് ലഭിച്ചതായി കേന്ദ്രം അവകാശപ്പെട്ടു. തുടര്‍ന്ന് ‘കുടുംബ നിയമത്തിലെ പരിഷ്‌കാരങ്ങള്‍’ എന്ന വിഷയത്തില്‍ പ്രത്യേക രേഖ തയ്യാറാക്കി. രേഖ പുറത്തുവന്ന് മൂന്നു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് വീണ്ടും സജീവമായി പരിഗണിക്കാന്‍ 22–ാം നിയമ കമ്മീഷന്‍ തീരുമാനിച്ചതായി നിയമമന്ത്രാലയം അറിയിച്ചു.