പ്രസാദ്
തമിഴ്‌നാട്ടിലെ പഞ്ചഭൂത ശിവക്ഷേത്രങ്ങൾ പോലെ (ഏകാംബരനാഥൻ, അരുണാലചലേശ്വരൻ,ജംബുകേശ്വരൻ,ചിദംബരനാഥൻ, കാളഹസ്തീശ്വരൻ; കാളഹസ്തിയും തങ്ങളുടെ ഭരണകാലത്ത് ചോളന്മാർ നിർമ്മിച്ചതാണ്) ആന്ധ്രാ പ്രദേശിൽ നിലകൊള്ളുന്ന പഞ്ചശിവ ക്ഷേത്രങ്ങൾ ആണ് പഞ്ചരാമ ക്ഷേത്രങ്ങൾ എന്ന് വിളിക്കപ്പെടുന്ന അമരരാമ, ദ്രാക്ഷരാമ, സോമരാമ, ക്ഷീരാരാമ, കുമാരരാമ എന്നിങ്ങനെയുള്ള അഞ്ചു ക്ഷേത്രങ്ങൾ.ആന്ധ്രാ പ്രദേശിലെ രജ്മുന്ദ്രി ജില്ലയിലെ സാമൽ കോട്ടിൽ ആണ് അഞ്ചാമത്തെ ക്ഷേത്രമായ ഭീമേശ്വര സ്വാമി ക്ഷേത്രം
താരകാസുര നിഗ്രഹം ചെയ്യുവാൻ തുനിഞ്ഞ സ്കന്ദൻ, താരകന്റെ കഴുത്തിൽ തൂക്കിയിട്ടിരുന്ന ശിവലിംഗമാണ് അസുരനെ വധിക്കാൻ തടസ്സം എന്ന് കണ്ട്, അതിനെ അഞ്ചായി പിളർക്കുകയും അഞ്ചിടങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നൊരു ഐതിഹ്യം ക്ഷേത്രത്തെ കുറിച്ച് പറയപ്പെടുന്നുണ്ട്. ത്രിപുരാന്തകനായ ശിവൻ തന്നെ, അസുരനിഗ്രഹ സമയത്ത് വിഗ്രഹം തച്ചുടച്ചതാണ് എന്നൊരു മറ്റൊരു ഐതിഹ്യവും കേൾക്കാം. ഐതിഹ്യം ഏതാണെങ്കിലും ഒരേ മാതൃശിലയിൽ നിന്നും പിളർന്നു രൂപം കൊണ്ട അഞ്ചു ശിവലിംഗങ്ങൾ ആണ് പഞ്ചരാമ ക്ഷേത്രങ്ങൾ എന്ന് ചുരുക്കം.
AD 624 മുതൽ AD 1076 വരെ ആന്ധ്രാ പ്രദേശങ്ങൾ ഭരിച്ച ചാലൂക്യരാണ് പഞ്ചരാമ ക്ഷേത്രങ്ങൾ നിർമ്മിച്ചത്. അഞ്ചാമത്തെ ക്ഷേത്രമായ ഭീമേശ്വര സ്വാമി ക്ഷേത്രം നിർമ്മിച്ചത് AD 892 മുതൽ 922 വരെ ഭരിച്ചിരുന്ന ചാലൂക്യ ഭീമൻ ആണ്. കുമാരൻ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഇടത്തിൽ ചാലൂക്യ ഭീമൻ ക്ഷേത്രം നിർമ്മിച്ചതിനാൽ ഈ ക്ഷേത്രത്തിന്റെ പേര് ചാലൂക്യ കുമാരരാമ ഭീമേശ്വര സ്വാമി ക്ഷേത്രം എന്നായി. പതിനാലാം നൂറ്റാണ്ടിൽ അധികാരമേറ്റ കാകതീയ ഭരണത്തിലും, പതിനഞ്ചാം നൂറ്റാണ്ടിൽ ഭരിച്ച കിഴക്കൻ ഗംഗാ രാജവംശത്തിനു കീഴിലും ക്ഷേത്രം കൂടുതൽ ബൃഹത്താക്കപ്പെട്ടു. പാടലീപുത്രം ഭരിച്ചിരുന്ന നന്ദന്മാർ, ഗോൽകൊണ്ട ആസ്ഥാനമാക്കി ഭരിച്ചിരുന്ന ആസഫ് ജാഹി വംശം, പോർച്ചുഗീസുകാർ എന്നിങ്ങനെ പലവിധ അധിനിവേശങ്ങൾക്ക് വിധേയമായിട്ടുണ്ട് എങ്കിലും, അവയെ എല്ലാം അതിജീവിക്കാൻ ക്ഷേത്രത്തിന്റെ കരിങ്കൽഭിത്തികൾക്ക് സാധിച്ചു. ദേശീയ പൈതൃക സംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിൽ ആണ് ഇപ്പോൾ ക്ഷേത്രം പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിനു മുൻപിലെ കുളവും, കുളത്തിൽ നിന്നും വെള്ളമെടുത്തു കൊണ്ട് വന്ന്; ഭക്തർക്ക് നേരിട്ട് അഭിഷേകം നടത്താവുന്ന ശിവപ്രതിഷ്ഠയും ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.
ക്ഷേത്രത്തിനുള്ളിലേയ്ക്ക് കടക്കുമ്പോൾ ഒറ്റക്കല്ലിൽ തീർത്ത കൃഷ്ണശിലയിലുള്ള നന്ദികേശ്വരനെ കാണാം. രണ്ടു നിലകളിലായി ദർശനം നടത്തേണ്ടുന്ന ശ്രീകോവിലിൽ, ഏകദേശം നാലര മീറ്റർ ഉയരമുള്ള ചുണ്ണാമ്പു കല്ലിൽ തീർത്ത വെളുത്ത ശിവലിംഗം ആണ് മുഖ്യ പ്രതിഷ്ഠ. അധികം ക്ഷേത്രങ്ങളിൽ കാണാൻ സാധിക്കാത്ത ബാലത്രിപുര ആണ് മറ്റൊരു മുഖ്യ പ്രതിഷ്ഠ. കാലഭൈരവ പ്രതിഷ്ഠയും കാണാം. ക്ഷേത്ര ദർശനം നടത്തി പുറത്തേയ്ക്ക് കടക്കുമ്പോൾ ഭണ്ഡാരത്തിൽ പണം ഇട്ടോ ഇല്ലയോ എന്നൊന്നും നോക്കാതെ, വരൂ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു കൊണ്ട് അന്നദാന ശാലയിലേയ്ക്ക് ക്ഷണിക്കുന്ന ആരെയെങ്കിലും കാണാം. അന്നദാനം ടോക്കൺ തീർന്നു എങ്കിലും ടെൻഷൻ വേണ്ട, ഇരുപതു രൂപ നൽകിയാൽ നല്ല ഒന്നാംതരം ലെമൺ റൈസ് ക്ഷേത്രത്തിൽ നിന്നും പ്രസാദമായി ലഭിക്കും.