ന്യൂഡെല്‍ഹി.റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പ്രതിഷേധിച്ച ഗുസ്തി താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാനുള്ള നടപടി ആരംഭിച്ചു. രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സർക്കാരിന് അഭ്യർത്ഥന അയച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ഗുസ്തി താരങ്ങൾക്കെതിരെ എടുത്ത കേസുകൾ പോലീസ് പിൻവലിക്കും.
കഴിഞ്ഞമാസം 28ന് പാർലമെന്റിന്റെ ഉദ്ഘാടന ദിവസം നടത്തിയ പ്രതിഷേധ മാർച്ചിന്റെ പേരിലാണ് ഗുസ്തി താരങ്ങൾക്കെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിരോധനാജ്ഞ ലംഘിക്കൽ, നിയമം ലംഘിച്ച സംഘം ചേരൽ, പോലീസ് ഉദ്യോഗസ്ഥരുടെ കടമ തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കേസ് പിൻവലിക്കുമെന്ന് കേന്ദ്ര കായികം മന്ത്രി അനുരാജ് സിംഗ് ഠാക്കൂർ താരങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.