അഹമ്മദാബാദ്. ഗുജറാത്തിൽ കനത്ത നാശം വിതച്ച ബിപോർ ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിൽ ശക്തിക്ഷയിച്ച് ന്യൂനമർദ്ദമായി മാറി. രാജസ്ഥാനിലെ 10 ജില്ലകളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ആള്‍നാശവും ദുരിതവും കുറയ്ക്കാനായത് ആശ്വാസമായി.
ബാർമർ അടക്കം മൂന്ന് ജില്ലകളിൽ വെള്ളക്കെട്ട് ഉണ്ടായി. ശക്തമായ മഴയും കാറ്റും റോഡ്, റെയിൽ ഗതാഗതത്തെ ബാധിച്ചു. രാജസ്ഥാനിലേക്കുള്ള 14 ട്രെയിനുകൾ റദ്ദാക്കി.ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ച് – സൗരാഷ്ട്ര മേഖലകളിൽ കനത്ത നാശം വിതച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആയിരത്തിലേറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വൈദ്യുത വിതരണം താറുമാറായിരിക്കുകയാണ്. റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമായി പുരോഗമിക്കുന്നു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കുടുങ്ങിയ ആളുകളെ പൂർണ്ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ദേശീയ ദുരന്തനിവാരണ സേനഅറിയിച്ചു.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ പരിക്കേറ്റ 34 പേർ ചികിത്സയിലാണ്.ഗിർ വനത്തിൽ രക്ഷാപ്രവർത്തനത്തിനായി 200 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.വെള്ളക്കെട്ടില്‍ അകപ്പെട്ട രണ്ട് സിംഹ കുഞ്ഞുങ്ങളെ ദൗത്യസംഘം രക്ഷപ്പെടുത്തി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം , സംസ്ഥാനത്ത് ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങൾ വിലയിരുത്തും