തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മോശം പ്രവണതകള്‍ ചൂണ്ടിക്കാട്ടി സൂപ്പര്‍ താരം വിജയ്. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം വാങ്ങി വോട്ട് നല്‍കുന്നവര്‍ സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്നും നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍ എന്നും സൂചിപ്പിച്ചുകൊണ്ടാണ് വിജയ് പ്രസംഗിച്ചത്.
ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാന്‍ പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവര്‍ത്തിക്കണം, വിജയ് പറഞ്ഞു. നമ്മുടെ കയ്യില്‍ നിന്ന് പണമോ മറ്റുള്ള വിലപിടിപ്പുള്ള വസ്തുക്കളോ ആര്‍ക്കും കവര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കും. എന്നാല്‍ വിദ്യാഭ്യാസം മാത്രം ആര്‍ക്കും മോഷ്ടിക്കാന്‍ സാധ്യമല്ല എന്നും വേദിയില്‍ വിജയ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കു പിന്നില്‍ ഒളിപ്പിച്ച ലക്ഷ്യങ്ങളുണ്ട്. അത് തിരിച്ചറിയണമെങ്കില്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്ക് പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നമ്മുടെ നേതാക്കളെക്കുറിച്ച്, അംബേദ്കര്‍, പെരിയാര്‍, കാമരാജ് ഇവരെക്കുറിച്ചൊക്കെ പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, വിജയ് പറഞ്ഞു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ നടന്ന പരിപാടി വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്.