അലഹാബാദ്∙ ഇന്ത്യൻ മുസ്‍ലിംകളെക്കുറിച്ച് അൽജസീറ ചാനൽ തയാറാക്കിയ ‘ഹൂ ലിറ്റ് ദ് ഫ്യൂസ്’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് അലഹാബാദ് ഹൈക്കോടതി തടഞ്ഞു. സുധീർ കുമാർ എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ സാമുദായിക സൗഹാർദം തകരുമെന്നാണു ഹർജിയിലുള്ളത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് സംഘർഷങ്ങൾക്ക് വഴിവയ്ക്കുമെന്നും ഹർജിക്കാരൻ വാദിച്ചു.
രാജ്യത്തെ 17 കോടിയിലേറെ മുസ്‍ലിങ്ങൾ മോദി സർക്കാരിനു കീഴിൽ ഭയന്നാണു ജീവിക്കുന്നതെന്നും കേന്ദ്രസർക്കാർ നടപടികൾ മുസ്‍ലിം താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നും ഡോക്യുമെന്ററിയിൽ പറയുന്നുണ്ടെന്നു ഹർജിയിലുണ്ട്. ഇതംഗീകരിച്ച കോടതി ഡോക്യുമെന്ററിയുടെ പ്രദർശനം തടയുകയായിരുന്നു. വിശദമായ പരിശോധനകൾക്കുശേഷമേ ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെടുന്നുള്ളുവെന്ന് അധികൃതർ ഉറപ്പുവരുത്തണം. സാമുദായിക സൗഹാർദം തകരുന്ന സ്ഥിതിയുണ്ടാകരുതെന്നും കോടതി നിർദേശിച്ചു.
എന്നാൽ അലഹാബാദ് ഹൈക്കോടതി വിധി അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സിനിമകൾക്കാണു പ്രദർശനത്തിനു മുൻപ് അനുമതി വേണ്ടതെന്നും ഡോക്യുമെന്ററികൾക്കു സർട്ടിഫിക്കറ്റുകളുടെ ആവശ്യമില്ലെന്നും സുപ്രീംകോടതി അഭിഭാഷകരടക്കം ചൂണ്ടിക്കാട്ടുന്നു. പൗരന്മാർ എന്തു കേൾക്കണമെന്ന് അധികാര കേന്ദ്രങ്ങൾ തീരുമാനിക്കുന്നതു ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ലെന്നും നിയമജ്ഞർ പറയുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞതും വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.