കോണ്‍ഗ്രസില്‍ ചേരുന്നതില്‍ ഭേദം കിണറ്റില്‍ ചാടുന്നത് ,നിഥിന്‍ ഗഡ്കരി

Advertisement

മുംബൈ . കോണ്‍ഗ്രസില്‍ ചേര്‍ന്നുകൂടെ എന്ന് ഒരു രാഷ്ട്രീയ നേതാവ് തന്നോട് അഭ്യര്‍ഥിച്ചിരുന്നുവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

എന്നാല്‍ താന്‍ അതിലും ഭേദം കിണറ്റില്‍ ചാടുന്നതാണെന്ന് പറഞ്ഞതായി മറുപടി നല്‍കിയതായി ഗഡ്കരി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെയാണ് കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തല്‍.

‘മികച്ച പാര്‍ട്ടി പ്രവര്‍ത്തകനും നേതാവുമാണ് താങ്കള്‍, കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ വളരെ മികച്ച ഭാവിയാവും ഉണ്ടാവുക എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിലും ഭേദം കിണറ്റില്‍ ചാടി മരിക്കുന്നതാണെന്ന് താന്‍ മറുപടി നല്‍കി’- നിതിന്‍ ഗഡ്കരി പറഞ്ഞു. തന്നോട് പാര്‍ട്ടിയിലേക്ക് ചേരാന്‍ അഭ്യര്‍ഥന നടത്തിയത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കറാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് 60 വര്‍ഷംകൊണ്ട് രാജ്യത്തിനുവേണ്ടി ചെയ്തതിന്റെ ഇരട്ടി കാര്യങ്ങള്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷംകൊണ്ട് ചെയ്യുവാന്‍ ബിജെപിക്ക് കഴിഞ്ഞു. ബിജെപിയിലും പാര്‍ട്ടിയുടെ തത്വശാസ്ത്രത്തിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അത് വളര്‍ത്താനായി ബിജെപിയില്‍തന്നെ തുടരും. ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പകാലത്ത് തന്നില്‍ മൂല്യങ്ങള്‍ വളര്‍ത്തിയത് ആര്‍ എസ് എസ് ആണ്. ആ പാത തന്നെ താന പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വന്‍ സാമ്ബത്തിക ശക്തിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തിന്റെ ഭാവി വളരെ ശോഭനമാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

Advertisement