ചെന്നൈ: ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥിനിക്ക് വജ്ര നെക്‌ലേസ് സമ്മാനിച്ച് നടൻ വിജയ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 600 ൽ 600 മാർക്കും നേടിയ, ഡിണ്ടിഗൽ സർക്കാർ എയ്ഡഡ് സ്‌കൂളായ അണ്ണാമലയാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി എസ്. നന്ദിനിക്കാണ് വിജയ് വജ്ര നെക്‌ലേസും സർട്ടിഫിക്കറ്റും സമ്മാനിച്ചത്.
മാലയ്ക്ക് 10 ലക്ഷം രൂപയോളം വിലവരും. തമിഴ് ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും നൂറിൽ 100 മാർക്ക് നേടി നന്ദിനി സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. നന്ദിനിയെയും മാതാപിതാക്കളെയും ഒരുമിച്ചു വേദിയിലേക്ക് വിളിച്ചാണ് വിജയ് പെൺകുട്ടിയെ അനുമോദിച്ചത്. നിർധന കുടുംബത്തിലെ അംഗമായ നന്ദിനിയുടെ അച്ഛൻ ശരവണകുമാർ മരപ്പണിക്കാരനും അമ്മ ഭനുപ്രിയ വീട്ടമ്മയുമാണ്.
പെൺകുട്ടിയെയും മാതാപിതാക്കളെയും വേദിയിലേക്ക് ക്ഷണിച്ച വിജയ് നെക്‌ലേസ് അമ്മ ഭാനുപ്രിയയ്ക്കു കൈമാറി. അമ്മയാണ് മകളുടെ കഴുത്തിൽ മാല അണിയിച്ചത്. ശേഷം വിജയ് നന്ദിനിയോടും കുടുംബത്തോടും കുശലം പറയുകയും ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു.
വിജയ്‌യെ കൂടാതെ തമിഴ് രാഷ്ട്രീയ രംഗത്തും കലാസാംസ്കാരിക രംഗത്തുമുള്ളവർ നന്ദിനിക്ക് അഭിനന്ദനങ്ങളും സമ്മാനങ്ങളുമായി എത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി വിദ്യാർഥിനിയെ ഫോണിൽ അഭിനന്ദിച്ചു. മന്ത്രി പെരിയസ്വാമി വിദ്യാർഥിയെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ച് പ്രത്യേക സർട്ടിഫിക്കറ്റ് നൽകി. മുഖ്യമന്ത്രി സ്റ്റാലിനെ നേരിൽ കണ്ട് നന്ദിനി അനുഗ്രഹം വാങ്ങിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. കവി വൈരമുത്തു നന്ദിനിക്ക് ഒരു സ്വർണ പേനയാണ് സമ്മാനിച്ചത്. നിരവധി സന്നദ്ധപ്രവർത്തകർ കാൽക്കുലേറ്ററുകളും സെൽഫോണുകളും മറ്റ് സമ്മാനങ്ങളുമായി വിദ്യാർഥിനിയെ കാണാൻ എത്തുന്നുണ്ട്. സിഎ ആണ് നന്ദിനിയുടെ ലക്ഷ്യം. പിഎസ്ജി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊയമ്പത്തൂരിലാണ് നന്ദിനി അഡ്മിഷൻ എടുത്തത്. ബികോം (പ്രഫഷനൽ അക്കൗണ്ടിങ്) ആണ് നന്ദിനിയുടെ ബിരുദവിഷയം. ട്യൂഷൻ ഫീസ്, ബുക്ക് ഫീസ്, ഹോസ്റ്റൽ സൗകര്യം തുടങ്ങിയ നന്ദിനിയുടെ ചിലവുകളെല്ലാം വഹിക്കുന്നത് കോളജ് ആണ്.
ജൂൺ 17ന് തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലെ ഹയർസെക്കൻഡറി, എസ്എസ്എൽസി ഗ്രേഡുകളിലെ മികച്ച മൂന്ന് റാങ്കുകാരെ കണ്ടെത്തി ആദരിക്കുന്ന ചടങ്ങിലാണ് ദളപതി വിജയ് പങ്കെടുത്തത്. വിദ്യാർഥികൾക്ക് സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയ് വിതരണം ചെയ്തു. 1500 ഓളം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന ചടങ്ങ് ചെന്നൈ നീലങ്കര ആർകെ കൺവൻഷൻ സെന്ററിലാണ് നടന്നത്. രാവിലെ എട്ട് മുപ്പതിനു തുടങ്ങിയ പരിപാടിയിൽ പതിമൂന്ന് മണിക്കൂർ വിജയ് സ്റ്റേജിൽ തന്നെ തുടർച്ചായായി നിൽക്കുകയായിരുന്നു. കുട്ടികളോട് അനുവാദം ചോദിച്ച് ഇടയ്ക്ക് രണ്ട് മിനിറ്റ് മാത്രമാണ് ഇടവേളയെടുത്തത്.
ഈ ചടങ്ങിനായി വിജയ് രണ്ടു കോടി രൂപ ചെലവഴിച്ചിട്ടുണ്ടാകുമെന്നാണ് സൂചന. 40 ലക്ഷം രൂപയാണ് ഹാൾ വാടക മാത്രം. വിദ്യാർഥികളുടെ യാത്രാസൗകര്യം, ഭക്ഷണം, താമസം, ഇൻസെന്റീവുകൾ തുടങ്ങിയവയ്‌ക്കായി രണ്ടുകോടിയോളം രൂപ ചെലവിട്ടിട്ടുണ്ടാകും എന്ന് വിജയ് പീപ്പിൾസ് മൂവ്‌മെന്റ് എക്‌സിക്യൂട്ടിവ് മാധ്യമങ്ങളോടു പറഞ്ഞു. ഇതിനു പുറമെയാണ് 10 ലക്ഷം രൂപയോളം വിലയുള്ള വജ്ര മാല താരം പെൺകുട്ടിക്ക് സമ്മാനിച്ചത്.
പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ താൻ പങ്കെടുക്കുന്ന ചടങ്ങ് പ്രൊമോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചിരുന്നു. നടന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കമാണ് പരിപാടി സംഘടിപ്പിച്ചത്. പണം വാങ്ങി വോട്ട് ചെയ്യുന്നത് സ്വയം വിരൽ കൊണ്ട് കണ്ണിൽ കുത്തുന്നതിനു തുല്യമാണെന്നും ഇതിൽ നിന്നു മാതാപിതാക്കളെ തടയണമെന്നും വിജയ് വിദ്യാർഥികളോടു പറഞ്ഞു. ഇത് രാഷ്ട്രീയ കക്ഷികളെ ഉന്നമിട്ടുള്ള പരാമർശമാണെന്നാണു വിലയിരുത്തൽ.
അതിനിടെ, വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. 2026ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പാണ് താരം ലക്ഷ്യമിടുന്നതെന്നും അതിനാലാണ് ഇത്തരം ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതെന്നുമാണ് ചിലരുടെ അഭിപ്രായം.