ന്യൂഡെല്‍ഹി.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ വിശാല പ്രതിപക്ഷ പാർട്ടികളുടെ യോഗം നാളെ പട്നയിൽ.നരേന്ദ്ര മോദി സർക്കാരിനെതിരായി ഉയർത്താവുന്ന വിഷയങ്ങൾ പട്‌ന യോഗത്തിൽ ധാരണയാകും.യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലേക്ക് ആദ്യ യോഗം കടന്നേക്കില്ല. അതേസമയം കേന്ദ്ര ഓർഡിനൻസിനെതിരെ കോൺഗ്രസ് പിന്തുണ നൽകിയില്ലെങ്കിൽ യോഗം ബഹിഷ്കരിക്കുമെന്ന് ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകി
പ്രതിപക്ഷ പാർട്ടി നേതാക്കളെ സ്വീകരിക്കാൻ ബീഹാറിലെ പട്ന ഒരുങ്ങി കഴിഞ്ഞു.നാല് മുഖ്യമന്ത്രിമാരെയും അധ്യക്ഷന്മാരെയും സ്വാഗതം ചെയ്തുള്ള ഫ്ളക്സുകൾ ഉയർന്നു.ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പട്നയിലെത്തി.ഒരു കുടുംബത്തെ പോലെ ഒന്നിച്ചു നിന്ന് പോരാടുമെന്ന് ലാലുപ്രസാദ് യാദവ് ഉള്ള കൂടിക്കാഴ്ചക്ക് ശേഷം മമതാ ബാനർജി വ്യക്തമാക്കി
2024ൽ ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ചു നിൽക്കേണ്ട രാഷ്ട്രീയ സാഹചര്യം പ്രതിപക്ഷ പാർട്ടികൾ നാളത്തെ യോഗത്തിൽ ഉയർത്തും.കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം,മണിപ്പൂർ കലാപം, ഗുസ്തി താരങ്ങളുടെ സമരം,ഡൽഹി സർക്കാരിന്റെ അധികാരം നിയന്ത്രിച്ചുള്ള ഓർഡിനൻസ് തുടങ്ങി നരേന്ദ്രമോദി സർക്കാരിനെതിരായ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ധാരണയാകും.എന്നാൽ കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ ഓർഡിനൻസിനെതിരെ കോൺഗ്രസ് പിന്തുണ നൽകിയില്ലെങ്കിൽ യോഗം ബഹിഷ്കരിക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ നീക്കം.ലോക്സഭാ തിരഞ്ഞെടുപ്പിൽ
ബി ജെ പിക്കെതിരെ മിക്ക സീറ്റുകളിൽ ഒരു പൊതു പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നിര്‍ദ്ദേശം യോഗത്തില്‍ ചര്‍ച്ച ചെയ്യും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടികളുടെ പ്രകടനമാകും സീറ്റ് വിഭജനത്തിലെ ഫോർമുലയാവുക. പ്രതിപക്ഷ പാർട്ടികൾ പരസ്പരം ഏറ്റുമുട്ടുന്ന പഞ്ചാബ്,ബംഗാൾ തെലങ്കാന, സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട സമീപനത്തിൽ ചർച്ച നടക്കും .അടുത്ത യോഗത്തിനുള്ള സ്ഥലവും തീയതിയും തീരുമാനിച്ചാകും ആദ്യ യോഗം പിരിയുക .കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എ.എ.പി., എസ്.പി., ഡി.എം.കെ., എൻ.സി.പി., സി.പി.ഐ.എം., സി.പി.ഐ. തുടങ്ങി 20 ഓളം പ്രതിപക്ഷ പാർട്ടികൾ യോഗത്തിന് എത്തും.ബി ആർ എസ് വിട്ടുനിന്നേക്കും.കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷ വേദിയിലേക്ക് ആദ്യമായാണ് സമാജ് വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ചർച്ചയ്ക്ക് എത്തുന്നത്.