കൊപ്പൽ (കർണാടക): ഒറ്റമുറി ഷെഡിൽ താമസിക്കുന്ന 90കാരിയായ വയോധികക്ക് ലഭിച്ചത് ഒരുലക്ഷത്തിലേറെ രൂപയുടെ വൈദ്യുതി ബിൽ. കർണാടകയിലെ കൊപ്പലിലാണ് സംഭവം. ഒരു ബൾബ് മാത്രമാണ് അവർ ഉപയോഗിച്ചിരുന്നത്. 1,03, 315 രൂപയുടെ ബില്ല് വന്നതോടെ ആകെ തളർന്നെന്ന് ഗിരിജമ്മ പറയുന്നു. കൊപ്പൽ താലൂക്കിലെ ഭാഗ്യനഗറിൽ ചെറിയ ഷെഡിലാണ് ഗിരിജമ്മ താമസിക്കുന്നത്. എന്നാൽ മീറ്റർ റീഡിംഗിലെ പിഴവ് മൂലമാണ് അധിക ബില്ല് വന്നതെന്ന് അധികൃതർ വിശദീകരിച്ചു. തനിക്ക് എല്ലാ മാസവും 70 രൂപയോ 80 രൂപയോ മാത്രമാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നതെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗിരിജമ്മയുടെ അപ്പീലിനെ തുടർന്ന് ബില്ലടയ്ക്കേണ്ടതില്ലെന്ന് ഊർജമന്ത്രി കെ ജെ ജോർജ് വ്യാഴാഴ്ച ആവശ്യപ്പെട്ടു. ബില്ലിൽ പറഞ്ഞിരിക്കുന്ന തുക തെറ്റാണ്, മീറ്ററിലെ തകരാർ മൂലമാണ് ഇത് സംഭവിച്ചത്. അവൾ ബില്ലടയ്‌ക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് ഗുൽബർഗ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ഉദ്യോഗസ്ഥർ വയോധികയുടെ വീട്ടിലെത്തി. വൈദ്യുതി മീറ്റർ പരിശോധിച്ച് സാങ്കേതിക തകരാറാണെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ രാജേഷ് സ്ഥിരീകരിച്ചു. ജീവനക്കാരുടെയും ബിൽ കളക്ടറുടെയും പിഴവാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഷെഡിൽ മകനോടൊപ്പം കഴിഞ്ഞിരുന്ന വയോധികക്ക് സർക്കാർ ഭാഗ്യജ്യോതി പദ്ധതിയിൽ വൈദ്യുതി കണക്ഷൻ നൽകി. 18 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നതിനാൽ പ്രതിമാസം 70 മുതൽ 80 രൂപ വരെ ബിൽ ലഭിച്ചിരുന്നു. ആറ് മാസം മുമ്പ് ഉദ്യോഗസ്ഥർ മീറ്റർ സ്ഥാപിച്ചതിന് ശേഷം പ്രതിമാസ ബിൽ 20,000 രൂപയായി ഉയർന്നതായി വയോധിക ആരോപിച്ചു. മീറ്ററിലെ തകരാർ പരിഹരിച്ച് പുതുക്കിയ ബിൽ നൽകുമെന്നും വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.