ഗോൽഗപ്പ, പാനിപൂരി, പാനി ബതാഷ, അല്ലെങ്കിൽ പുച്ച്‌ക – അങ്ങനെ പല ദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഭക്ഷണമാണ്. മസാലയും മധുരവും തൈരും നിറഞ്ഞ പല വൈവിധ്യങ്ങളില്‍ ലഭിക്കുന്ന ഈ ഭക്ഷണം നിങ്ങളുടെ വായില്‍ വിവിധ രുചി ഭേദങ്ങള്‍ തീര്‍ക്കും. ഒരിക്കല്‍ ആസ്വദിച്ചാല്‍ ഒന്നൂകൂടി എന്ന് കൈ നീട്ടാതിരിക്കാനാകില്ല.
ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ലഘുഭക്ഷണങ്ങളിലൊന്നാണിത്. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും ഈ വിഭവം ആസ്വദിക്കാനെത്തുന്നു എന്നതാണ് പ്രത്യേക. ഇത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചു. ലംഗൂർ ഗോൽഗപ്പ ആസ്വദിക്കാനായെത്തിയത് മറ്റാരുമല്ല, ഒരു കുരങ്ങനായിരുന്നു.
അടുത്തകാലത്തായി കുരങ്ങുകളുടെ വീഡിയോകള്‍ക്ക് ഇന്ത്യന്‍ സാമൂഹിക മാധ്യമങ്ങളില്‍ വളരെയധിക ആരാധകരുണ്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനിയ്ക്ക് സമീപം രാജ്‌ഗഡില്‍ 20 പേരെ അക്രമിച്ച് പരിക്കേല്‍പ്പിച്ച ‘മോസ്റ്റ് വാണ്ടഡ്’ കുരങ്ങനെ പിടികൂടുമ്പോള്‍ ചുറ്റം കൂടിനിന്നവര്‍ ജയ് ശ്രീറാം, ജയ് ബജ്റംഗ് ബലി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച് പറയുന്ന വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഒരാഴ്ച മുമ്പ് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിന്‍റെ വാര്‍ത്തകള്‍ക്കും വായനക്കാരേറെയാണ്. ഇതിനിടെയാണ് ലംഗൂർ ഗോൽഗപ്പ കഴിക്കാനെത്തിയ കുരങ്ങിന്‍റെ വീഡിയോയും വൈറലായത്.
ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു കച്ചവടക്കാരന്‍ പാനിപൂരി വില്‍ക്കുന്ന ഉന്തുവണ്ടിയില്‍ (തേല) കയറി ഇരിക്കുന്ന ഒരു കുരങ്ങിനെ കാണാം. മനുഷ്യര്‍ പാനിപൂരി ആസ്വദിച്ച് കഴിക്കുന്നത് പോലെ വളരെ ആസ്വാദ്യകരമായാണ് കുരങ്ങനും പാനിപ്പൂരി കഴിക്കുന്നത്. ഗുജറാത്തിലെ തങ്കര ജില്ലയിലെ ദയാനന്ദ് ചൗക്കിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഗവായ് ഗജാനൻ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. “ഗുജറാത്തിലെ തങ്കരയിലെ ദയാനന്ദ് ചൗക്കിൽ നിന്ന് ഒരു കുരങ്ങൻ പാനി പൂരി കഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു” എന്നായിരുന്നു അദ്ദേഹം എഴുതിയത്. കുട്ടികളും മുതിര്‍ന്നവരുമായി നിരവധി പേര്‍ പാനിപ്പൂരി കഴിക്കാനായി കാത്ത് നില്‍ക്കുന്നു. ഇതിനിടെയിലാണ് കുരങ്ങന്‍റെ തീറ്റ. പാനിപ്പൂരി വില്‍ക്കുന്ന കൗമാരക്കാരന്‍ ഇടയ്ക്ക് കുരങ്ങിനോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.