വെള്ളക്കെട്ടിൽനിന്ന് രക്ഷപ്പെടാൻ റെയിൽവേ സ്റ്റേഷനിലെ വൈദ്യുതിതൂണിൽ പിടിച്ചു, ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

Advertisement

ന്യൂഡൽഹി: കഴിഞ്ഞ രാത്രി മുതൽ ഡൽഹിയിൽ പെയ്യുന്ന മഴയിൽ വൈദ്യുതാഘാതമേറ്റ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി മരിച്ചു. കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാർ സ്വദേശിയായ സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്.

കുടുംബത്തിനൊപ്പം പുലർച്ചെ അഞ്ചരയോടെ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു ഇവർ. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ വൈദ്യുത തൂണിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷന്റെ എക്സിറ്റ് നമ്പർ വണ്ണിന് സമീപമാണ് അപകടമുണ്ടായത്. അധികാരികളുടെ അനാസ്ഥ ആരോപിച്ച് യുവതിയുടെ സഹോദരി പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ദൃശ്യങ്ങളിൽ തൂണിന്റെ അടിയിൽ സുരക്ഷാ സംവിധാനമില്ലാതെ വൈദ്യുത കമ്പികൾ കാണാം. സംഭവത്തെക്കുറിച്ച് റെയിൽവേയും പോലീസും അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ മഴ തുടരുകയാണ്.