അമ്മയുടെ പരാതിയിൽ യുവാവിനെതിരെ കേസ്, കാമുകനെന്ന് 16കാരിയുടെ വെളിപ്പെടുത്തൽ; പോക്സോ ചുമത്തിയത് റദ്ദാക്കി കോടതി

Advertisement

ന്യൂഡൽഹി: ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണോ എന്നതിൽ 16 വയസ്സ് പൂർത്തിയായവർക്ക് തീരുമാനമെടുക്കാമെന്ന് മേഘാലയ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതിന് യുവാവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസും കോടതി റദ്ദാക്കി.

പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും ഉഭയസമ്മതപ്രകാരമാണ് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി കോടതിയെ സമീപിച്ചത്. പ്രതിയുടെ ആവശ്യം പരി​ഗണിച്ച കോടതി, കേസിനാസ്പദമായ സംഭവം ലൈം​ഗിക അതിക്രമമല്ലെന്നും വ്യക്തമാക്കി.

ലൈം​ഗിക ബന്ധത്തിലേർപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ 16 വയസ്സ് പൂർത്തിയായ കൗമാര പ്രായക്കാർക്ക് മാനസികമായും ശാരീരികമായും കഴിയുമോയെന്ന് കോടതി പരിശോധിച്ചെന്ന് ജഡ്ജി ഡബ്ല്യു ദെയിങ്ദോ വ്യക്തമാക്കി. 16 വയസ്സായ ഒരാൾക്ക് ലൈം​ഗിക ബന്ധത്തിലേർപ്പെടണോ എന്ന് തീരുമാനിക്കാനുള്ള മാനസികവും ശാരീരികവുമായ പക്വതയുണ്ടെന്നാണ് ബോധ്യപ്പെട്ടതെന്നും ജഡ്ജി വ്യക്തമാക്കി. വീട്ടുജോലിക്കാരനായ യുവാവ് അമ്മാവന്റെ വീട്ടിൽവെച്ചാണ് കാമുകിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത്. സംഭവമറിഞ്ഞ പെൺകുട്ടിയുടെ അമ്മ യുവാവിനെതിരെ പരാതി നൽകുകയും പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഉഭയസമ്മതത്തോടെയാണ് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി.

പ്രലോഭനങ്ങളോ അക്രമമോ ഇല്ലാതെയാണ് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസ് റദ്ദാക്കുന്നതെന്നും കോടതി വ്യക്തമാക്കി. പോക്‌സോ കേസുകളിൽ ഭൂരിഭാ​ഗവും കൗമാരക്കാരുടെ കുടുംബങ്ങൾ രജിസ്റ്റർ ചെയ്തതാണെന്നും മിക്കതും കൗമാരപ്രണയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ നിയമത്തിൽ ഭേ​ദ​ഗതിയെക്കുറിച്ച് ആലോചിക്കണമെന്നും കോടതി നിർദേശിച്ചു.

Advertisement