മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്‌ടർ അടിയന്തരമായി നിലത്തിറക്കി, പരിക്ക്

Advertisement

കൊൽക്കത്ത: മോശം കാലാവസ്ഥയെ തുടർന്ന് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിലിലാണ് കോപ്ടർ ഇറക്കിയത്. ലാൻഡിങ്ങിനിടെ മമതക്ക് നിസാര പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയിൽ സഞ്ചരിക്കുന്നതിനിടെ കോപ്ടർ കുലുങ്ങിയതിനാൽ മുഖ്യമന്ത്രിയുടെ അരയ്ക്കും കാലിനും പരിക്കേറ്റെന്നും അധികൃതർ വ്യക്തമാക്കി.

കനത്ത മഴയെ തുടർന്നാണ് ഹെലികോപ്ടറിന് സഞ്ചരിക്കാനാകാതെ നിലത്തിറക്കിയത്. ജൽപായ്ഗുരിയിൽ നിന്ന് ബാഗ്‌ദോഗ്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മമതാ ബാനർജി. പരിക്കിനെ തുടർന്ന് മുഖ്യമന്ത്രി‌യെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റർ കുലുങ്ങാൻ തുടങ്ങിയതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തീരുമാനിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

പ്രാഥമിക ചികിത്സക്ക് ശേഷം വിമാനത്താവളത്തിലേക്ക് റോഡ് മാർഗം യാത്ര ചെയ്‌ത മുഖ്യമന്ത്രിയി കൊൽക്കത്തയിലേക്ക് വിമാനത്തിൽ തിരിച്ചു. ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി.