ഡൽഹിയിൽ പട്ടാപ്പകൽ കാർ തടഞ്ഞ് തോക്ക് ചൂണ്ടി 5 ലക്ഷം രൂപ കവർന്ന കേസിന്റെ ചുരുളഴിഞ്ഞു

Advertisement

ന്യൂഡെല്‍ഹി. ഡെല്‍ഹിയിൽ പട്ടാപ്പകൽ കാർ തടഞ്ഞ് തോക്ക് ചൂണ്ടി 5 ലക്ഷം രൂപ കവർന്ന കേസിന്റെ ചുരുളഴിച്ച് ഡൽഹി പോലീസ് . കേസിൽ ഏഴുപേർ പിടിയിൽ .പ്രഗതി മൈതാൻ തുരങ്കത്തിൽ വച്ച് ശനിയാഴ്ചയായിരുന്നു സിനിമ സ്റ്റൈൽ കവർച്ച.

രാജ്യതലസ്ഥാനത്തിന്റെ നഗര ഹൃദയത്തിലുള്ള പ്രഗതി മൈതാൻ തുരങ്കത്തിൽ വച്ച് സിനിമ സ്റ്റൈലിൽ നടത്തിയ മോഷണത്തിൽ രണ്ടുദിവസത്തെ ഊർജിത അന്വേഷത്തിനോടുവിലാണ് 7 പേരെ പിടികൂടിയത്.മോഷ്ടാക്കളെ പിടികൂടാനായി 350 ഓളം സിസിടിവികൾ പരിശോധിച്ച ഡൽഹി പോലീസ് 1600 പേരെ ചോദ്യം ചെയ്തു .2000 ൽ പരം വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. ചാന്ദിനി ചൗക്കിൽ സ്വകാര്യ കമ്പനിയിൽ ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന പട്ടേൽ സാജൻകുമാറും കൂട്ടാളിയും ഗുരുഗ്രാമിലേക്ക് പോകുന്നതിനിടെയാണ് കവർച്ച ചെയ്യപ്പെട്ടത്.2 ബൈക്കുകളിലായി പിന്തുടർന്നെത്തിയ നാലംഗസംഘമാണ് കാർ തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി മോഷണം നടത്തിയത്.

വെറും 22 സെക്കൻഡ് കൊണ്ടായിരുന്നു കവർച്ച.ബുരാരിയിലെ താമസക്കാരനായ ഉസ്മാനാണ് കവർച്ചയ്ക്ക് പിന്നിലെന്ന് ഡൽഹി പോലീസ് കണ്ടെത്തി. ഉസ്മാൻ ബന്ധുവായ ഇർഫാൻ ,അനൂജ് മിശ്ര, കുൽദീപ് , സുമിത് ,പ്രദീപ് ,ബാല എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കി. കടബാധ്യത തീർക്കാനായിരുന്നു കവർച്ച.ഈ മാസം 22, 23 തീയതികളിൽ ചാന്ദ്‌നി ചൗക്ക് മേഖലയിൽ കവർച്ച നടത്തുന്നതിനായി ലക്ഷ്യം.എന്നാൽ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.

പിന്നീടാണ് ശനിയാഴ്ച പട്ടേൽ സാജൻകുമാറിനെ പിന്തുടർന്ന് പ്രഗതി മൈതാൻ തുരങ്കത്തിൽ കവർച്ച നടത്തിയത്.പോലീസ് സാന്നിധ്യം ഉണ്ടാകാറുള്ള തുരങ്കത്തിൽ വെച്ച് നടന്ന കൊളള ഡൽഹി പോലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു.പട്ടാപ്പകൽ നടന്ന കവർച്ചയിൽ പോലീസിന്റെ സുരക്ഷാവീഴ്ചയിൽ ആം ആദ്മി സർക്കാരും ചോദ്യം ഉന്നയിച്ചതോടെയാണ് അന്വേഷണം വേഗത്തിലാക്കിയതും , പ്രതികളെ പിടികൂടിയത്