രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്; ജനം അക്രമാസക്തരെന്ന് മുന്നറിയിപ്പ്

Advertisement

ഇംഫാൽ: വംശീയ കലാപത്തിൽ ആളിക്കത്തുന്ന മണിപ്പുരിന് സാന്ത്വനവുമായെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു. വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ വിഷ്ണുപുരിൽ ബാരിക്കേഡ് സ്ഥാപിച്ചാണു വാഹനം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നിൽക്കുകയാണെന്നും പൊലീസ് പറയുന്നു.

രാവിലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട രാഹുൽ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലിൽ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം സന്ദർശിക്കുക. റോഡ് മാർഗമാണു രാഹുൽ പോകുന്നത്. സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മണിപ്പുർ പൊലീസ് പറഞ്ഞെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നു രാഹുൽ അറിയിച്ചു. ഇന്ന് മണിപ്പുരിൽ തങ്ങുന്ന രാഹുലിന്റെ കൂടെ, കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുമുണ്ട്. വിദ്വേഷം പടർന്ന മണിപ്പുർ സമൂഹത്തിൽ സ്നേഹത്തിൻറെ സന്ദേശവുമായാണ് രാഹുൽ എത്തുന്നതെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിൻറെ സന്ദർശനമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കു ശേഷം ഇംഫാലിലേക്കു മടങ്ങുന്ന രാഹുൽ മെയ്തെയ് അഭയാർഥി ക്യാംപുകളിലെത്തും. തുടർന്ന് മെയ്തെയ് നേതാക്കളുമായി ചർച്ച.

മേയ് മൂന്നിന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാഹുൽ മണിപ്പുരിലെത്തുന്നത്. സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുൽ വിമർശിച്ചിരുന്നു. കലാപത്തിൽ ഇതുവരെ 131 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. കലാപബാധിതർക്ക് കേന്ദ്രസർക്കാർ 101.75 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, സുദീപ് റോയ് ബർമൻ, അജോയ് കുമാർ എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതിയെ നേരത്തേ എഐസിസി അധ്യക്ഷൻ മണിപ്പുർ വിഷയം പഠിക്കാൻ അയച്ചിരുന്നെങ്കിലും കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നില്ല. എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും മണിപ്പുരിൽ അനൗദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഒരാഴ്ചയായി രാഹുലിന്റെ ടീം മണിപ്പുരിലുണ്ട്.

Advertisement