പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കണം, കറുത്തവസ്ത്രം പാടില്ല: വിദ്യാർഥികൾക്കു നിർദേശം

Advertisement

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്കു നിർദേശങ്ങളുമായി ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളജുകൾ. നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളുടെയും ഒപ്പ് യൂണിവേഴ്സിറ്റിക്ക് നൽകുമെന്ന് സക്കീർ ഹുസൈൻ കോളജ് അറിയിച്ചു.

ഹിന്ദു കോളജിലെ വിദ്യാർഥികൾക്കും കർശന നിർദേശമാണു കോളജ് അധികൃതർ നൽകിയിരിക്കുന്നത്. ‍നാളെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും വിദ്യാർഥികൾ കറുത്തവസ്ത്രം ധരിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് അഞ്ചുദിവസത്തെ ഹാജർ അധികം നൽകുമെന്നും കോളജ് അധികൃതർ അറിയിച്ചു.

ഡൽഹി യൂണിവേഴ്സിറ്റിയുടെ നൂറാം വാർഷികത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണു മോദി നാളെ ക്യാംപസിലെത്തുന്നത്. സന്ദർശനത്തിൽ പുതിയ മൂന്ന് കെട്ടിടത്തിന്റെ തറക്കല്ലിടും. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിലെ എല്ലാ കോളജുകളിലും പരിപാടി ലൈവായി പ്രദർശിപ്പിക്കും.

Advertisement