‘ദയവായി നിങ്ങളുടെ കാർ ഇവിടെ പാർക്ക് ചെയ്യരുത്!’; ബെംഗളൂരുവിലെ കാർ പാർക്കിംഗിനെ കുറിച്ചുള്ള കുറിപ്പ് വൈറൽ

Advertisement

ബം​ഗളുരു: ഇന്ത്യയിലെ ജനസംഖ്യ വലിയ കുതിച്ച് ചാട്ടത്തിലാണ്. ഇതിൽ ഏറെ പേരും ജീവിക്കുന്നത് ഇന്ത്യയിലെ മഹാനഗരങ്ങളിലും. എന്നാൽ, ഓരോ വർഷവും വർദ്ധിക്കുന്ന ജനസംഖ്യയെ ഉൾക്കൊള്ളാൻ മാത്രമുള്ള സ്ഥലം ഇന്ത്യയിലെ മഹനഗരങ്ങൾക്കില്ലെന്നതാണ് യാഥാർത്ഥ്യം. അതിനാൽ തന്നെ താമസത്തെ ചൊല്ലിയും മാലിന്യനിക്ഷേപത്തെ ചൊല്ലിയും വാഹന പാർക്കിംഗിനെ ചൊല്ലിയും മഹാനഗരങ്ങളിൽ വാഗ്വാദങ്ങളും ചെറിയ തോതിലുള്ള വഴക്കുകയും സർവ്വസാധാരണമാണ്. എന്നാൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോ ഇന്ത്യയിലെ ട്വിറ്റർ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു.

Subhasis Das എന്ന ട്വിറ്റർ ഉപയോക്താവ് വഴിയരികിൽ കണ്ട കാറിൽ പതിപ്പിച്ചിരുന്ന ‘നോട്ടീസി’ൻറെ ചിത്രം പങ്കുവച്ചതോടെയായിരുന്നു ട്വിറ്ററിൽ ചൂട് പിടിച്ച ചർച്ച നടന്നത്. ചിത്രം പങ്കുവച്ച് കൊണ്ട് സുഭാഷി ദാസ് ഇങ്ങനെ എഴുതി, ‘ഇന്ന് കോറമംഗലയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ബെംഗളൂരു – ഇതിഹാസ ഉള്ളടക്കത്തിൻറെ നഗരം.’ സുഭാഷി പങ്കുവച്ച ചിത്രത്തിൽ ഒരു കാറിൻറെ ഡ്രൈവറുടെ ഭാഗത്തുള്ള ഡോറിലെ ഗ്ലാസിൽ ഒരു കുറിച്ച് എഴുതി ഒട്ടിച്ച് വച്ചതായി കാണിച്ചു. ആ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു. “ഹായ്, ദയവായി നിങ്ങളുടെ കാർ ഇവിടെ പാർക്ക് ചെയ്യരുത് !! ഞങ്ങൾ നിങ്ങളോട് അങ്ങനെ ചെയ്യരുതെന്ന് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. 2000 മുതൽ ഞങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഒപ്പം 2 കാറുകൾ ഞങ്ങൾക്ക് സ്വന്തമായുണ്ട്. അതിനാൽ ഞങ്ങൾക്ക് നല്ലൊരു പാർക്കിംഗ് സ്ഥലം ആവശ്യമാണ്. ദയവായി നിങ്ങളുടെ മുമ്പത്തെ പാർക്കിംഗ് സ്ഥലത്തേക്ക് മടങ്ങുക. നമുക്ക് നല്ലവരും പരസ്പരം പിന്തുണ നൽകുന്നവരുമായ അയൽക്കാരാകാം.” “നന്ദി, നിങ്ങളുടെ അയൽക്കാരൻ.”

കുറിപ്പ് വായിച്ചവരെല്ലാവരും ബെംഗളൂർ സ്വദേശിയുടെ വിനയത്തെ പ്രശംസിച്ചു. പ്രശ്നകലുഷിതമായ ഒരു കാര്യം ഇത്രയും ലളിതമായി പരിഹരിക്കാനുള്ള അദ്ദേഹത്തിൻറെ മനഃസാന്നിധ്യത്തെ മിക്കയാളുകളും അഭിനന്ദിച്ചു. എന്നാൽ മറ്റ് ചിലർ തങ്ങളുടെ നഗരത്തിൽ ഇത് പോലെ മറ്റൊരാളുടെ പാർക്കിംഗ് സ്ഥലത്ത് വേറെയാരെങ്കിലും വാഹനം പാർക്ക് ചെയ്താൽ എന്തായിരിക്കം സംഭവിക്കുകയെന്ന് എഴുതി. “ഇത് ഗുഡ്ഗാവിലായിരുന്നെങ്കിൽ അയൽക്കാരൻ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് വിൻഡ്ഷീൽഡ് തകർക്കുമായിരുന്നു,” ഒരാൾ എഴുതി. ‘ഡൽഹിയിൽ ആയിരുന്നെങ്കിൽ ടയർ പഞ്ചറായേനെ’ എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. ‘ഇത് വളരെ മികച്ചതാണ്. അയൽവാസിയുടെ വീടിന് സമീപത്ത് പാർക്ക് ചെയ്യാനായി എൻറെ സുഹൃത്ത് കാറിന് മുകളിൽ സാമ്പാർ ഒഴിച്ചു. (ബന്നാർഘട്ട റോഡിന് സമീപത്ത് എവിടെയോ)’ മറ്റൊരാൾ കുറിച്ചു. ‘ബെംഗളൂരി ജനത വളരെ സ്വീറ്റ് ആണ്’ എന്നായിരുന്നു വേറൊരാളുടെ കുറിപ്പ്.

Advertisement