തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ച് സീറ്റുകളിൽ വിജയ പ്രതീക്ഷയുണ്ടെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കർ. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ പ്രധാനമന്ത്രിയും മറ്റു മുതിർന്ന നേതാക്കളും ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല. യുവാക്കൾ തൊഴിൽ തേടി കേരളം വിട്ടുപോവുകയാണ്. കാലത്തിന് അനുസരിച്ചുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ പിണറായി സർക്കാർ പരാജയമാണ്. വ്യവസായത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സംസ്ഥാനം പിന്നിലാണ്. വലിയ കമ്പനികളെല്ലാം കേരളം വിട്ടുപോകുന്നു. ഇക്കാര്യത്തിൽ സിപിഎം ചർച്ചയ്ക്ക് തയാറുണ്ടോ.
ഏക സിവിൽ കോഡിൽ മുസ്‌ലിം ലീഗിന് അവസരവാദ നിലപാടാണ്. മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും ഏക സിവിൽ കോഡ് നിലവിലുണ്ട്. ഭരണഘടനയിൽ സിവിൽ കോഡിനെപ്പറ്റി രേഖപ്പെടുത്തിയ സമയത്ത് ബിജെപി എന്ന പാർട്ടി നിലവിലുണ്ടായിരുന്നില്ല.
ഏക സിവിൽ കോഡ് ജനങ്ങളിൽ വിവേചനം ഉണ്ടാക്കുന്നതല്ല’’ – അദ്ദേഹം വ്യക്തമാക്കി.