ട്വിറ്ററിന് 50 ലക്ഷം പിഴ

Advertisement

ബെംഗളൂരു: ചില ട്വീറ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. കേന്ദ്രനിർദേശം പാലിക്കാതെ കോടതി സമീപിച്ചതിനു ട്വിറ്ററിൽനിന്ന് 50 ലക്ഷം രൂപ ഈടാക്കാനും ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് വിധിച്ചു.

ഐടി നിയമത്തിന്റെ 69എ വകുപ്പു പ്രകാരം, ട്വീറ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യാൻ കേന്ദ്ര ഐടി മന്ത്രാലയം നൽകിയ നിർദേശം അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണു ട്വിറ്റർ കോടതിയിൽ എത്തിയത്.

എന്നാൽ കേന്ദ്ര നിർദേശം പാലിക്കാൻ വൈകിയതിൽ ട്വിറ്ററിനെ കോടതി രൂക്ഷമായി വിമർശിച്ചു. ട്വിറ്റർ ഒരു വിദേശകമ്പനിയാണെന്നും ഭരണഘടനയുടെ 19, 21 വകുപ്പുകൾ പ്രകാരം ഇന്ത്യൻ പൗരന് അഭിപ്രായസ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉറപ്പാക്കിയിരിക്കുന്ന അവകാശം ട്വിറ്ററിന് അവകാശപ്പെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ട്വീറ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യണമെന്നു നിർദേശിക്കാൻ കേന്ദ്രസർക്കാരിന് അവകാശമുണ്ടെന്നു കോടതി പറഞ്ഞു.

‘‘നിങ്ങളുടെ കക്ഷിക്ക് സർക്കാർ നോട്ടിസ് നൽകിയെങ്കിലും അതു പാലിച്ചില്ല. നിർദേശം അനുസരിക്കാതിരുന്നതിനു ഏഴു വർഷം ശിക്ഷയും അപരിമിതമായ പിഴയും നൽകാവുന്നതാണ്. എന്തുകൊണ്ടാണ് ഉത്തരവ് പാലിക്കാൻ ഒരു വർഷത്തിലേറെ വൈകുന്നതെന്നതിനു കാരണവും അറിയിച്ചിട്ടില്ല. എന്നാൽ പൊടുന്നനെ ഉത്തരവ് നടപ്പാക്കിയശേഷം കോടതിയെ സമീപിക്കുകയായിരുന്നു. നിങ്ങൾ ഒരു കർഷകനല്ല, മറിച്ച് ബില്യൺ ഡോളർ കമ്പനിയാണ്’’ – കോടതി വ്യക്തമാക്കി. നടപടികൾ വൈകിപ്പിച്ചതിനു ട്വിറ്റർ 50 ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ കർണാടക സ്‌റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്കു നൽകണമെന്നു കോടതി ഉത്തരവിട്ടു. വൈകിയാൽ ഓരോ ദിവസവും 5,000 രൂപ അധികം നൽകേണ്ടിവരുമെന്നും കോടതി അറിയിച്ചു.

കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം പ്ലാറ്റ്‌ഫോമുകൾ കേന്ദ്രനിർദേശം പാലിക്കാതിരിക്കുന്നതിനെതിരെ കോടതി നടത്തിയ പരാമർശങ്ങൾ സ്വാഗതാർഹമാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ ഇന്ത്യൻ / വിദേശ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ നിയമങ്ങൾക്കനുസരിച്ചു പ്രവർത്തിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ട്വിറ്ററുമായി കേന്ദ്രസർക്കാരിനു യാതൊരു പ്രശ്‌നവുമില്ലെന്നും നിയമം പാലിക്കണമെന്ന നിർബന്ധം മാത്രമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

കർഷക പ്രക്ഷോഭകാലത്ത് ഇന്ത്യയിൽ ട്വിറ്റർ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയിരുന്നതായി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഡോർസിയുടെ വാദം പച്ചക്കള്ളമാണെന്നും ട്വിറ്ററിന്റെ ചരിത്രത്തിലെ ദുരൂഹമായ ഒരു കാലഘട്ടം മായ്ച്ചുകളയാനാണ് ശ്രമമെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തിരിച്ചടിച്ചു. ഡോർസിക്കെതിരെ ബിജെപി നേതാക്കളും രംഗത്തുവന്നിരുന്നു.

2021ൽ ട്വിറ്റർ വിട്ട ഡോർസി കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണു വിവാദ വെളിപ്പെടുത്തൽ നടത്തിയത്. വിവിധ രാജ്യങ്ങൾ ട്വിറ്ററിനുമേൽ സമ്മർദം ചെലുത്തിയത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇന്ത്യയിലെ പ്രശ്നങ്ങൾ ഡോർസി ആദ്യം പരാമർശിക്കുന്നത്. കർഷകപ്രക്ഷോഭത്തിൽ ഉൾപ്പെട്ട ഒട്ടേറെ വ്യക്തികളുടെയും കേന്ദ്രത്തെ വിമർശിക്കുന്ന ചില ജേണലിസ്റ്റുകളുടെയും ട്വിറ്റർ അക്കൗണ്ടുകൾക്കും ട്വീറ്റുകൾക്കും വിലക്ക് ഏർപ്പെടുത്താനുള്ള നിർദേശം സർക്കാരിൽനിന്നു ലഭിച്ചിരുന്നെന്നാണ് ഡോർസി പറഞ്ഞത്. ഡോർസിയുടെ കാലത്ത് ഇന്ത്യൻ നിയമങ്ങൾ ട്വിറ്റർ തുടർച്ചയായി ലംഘിച്ചിരുന്നുവെന്നു രാജീവ് ചന്ദ്രശേഖർ പറ‍ഞ്ഞു. 2020 മുതൽ 2022 വരെ അവർ ഐടി ചട്ടം പാലിച്ചതേയില്ല. ഇന്ത്യൻ നിയമം ബാധകമല്ലെന്ന മട്ടിലാണ് ട്വിറ്റർ പ്രവർത്തിച്ചതെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

Advertisement