ലഖ്നൗ: നോട്ടുകെട്ടുകട്ടുകള്‍ പശ്ചാത്തലമാക്കി പൊലീസുകാരന്‍റെ കുടുംബമെടുത്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ മക്കൾ പോസ് ചെയ്തെടുത്ത ചിത്രമാണ് വൈറലായത്.
സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ബെഹ്താ മുജാവാർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയായ രമേഷ് ചന്ദ്ര സാഹ്നിക്കെതിരെയാണ് ആരോപണം ഉയർന്നത്. ഇയാളുടെ വീട്ടിൽ ബെഡിൽ 500 രൂപയുടെ നോട്ടുകെട്ടുകൾ നിരത്തിവെച്ചാണ് കുട്ടികളുടെ ചിത്രമെടുത്തത്. സംഭവം വിവാദമായതിന് പിന്നാലെ ഇയാളെ എസ്എച്ച്ഒ സ്ഥാനത്തുനിന്ന് നീക്കുകയും ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
പൊലീസുകാരന്‍റെ ഭാര്യയും കുട്ടികളും നോട്ടുകെട്ടുകളെ പശ്ചാത്തലമാക്കിയെടുത്ത ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തുമെന്നും എസ്പി സിദ്ധാര്‍ഥ് ശങ്കര്‍മീണ പറഞ്ഞു. പണം എത്രയാണെന്ന് വ്യക്തമല്ല. ഏകദേശം 13 ലക്ഷം രൂപയുണ്ടാകുമെന്നാണ് നിഗമനം. അതേസമയം, ഈ ചിത്രം 2021 നവംബര്‍ 14ന് എടുത്തതാണെന്നും കുടുംബ സ്വത്ത് വിറ്റപ്പോള്‍ ലഭിച്ച പണമാണെന്നും രമേഷ് ചന്ദ്ര സാഹ്നി വിശദീകരിച്ചു.