വന്യമൃഗങ്ങളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഓരോ ദിവസവും പങ്കുവയ്ക്കപ്പെടാറുണ്ട്. അവയിൽ പലതും വളരെ വേഗത്തിൽ ചർച്ചയാവുകയും ആളുകളുടെ പ്രത്യേക ശ്രദ്ധ നേടുകയും ചെയ്യുന്നു. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തതോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ തരംഗം തീർത്തത്. പശുവിനെ പെൺസിംഹം അക്രമിക്കുന്ന സമയം അതുവഴി കാറിൽ കടന്ന് പോയ യാത്രക്കാരാണ് ദൃശ്യം പകർത്തിയത്.
ഒരു കൃഷിത്തോട്ടത്തോട് ചേർന്നുള്ള ടാറിട്ട റോഡിൽ വച്ച് ഒരു പെൺസിംഹം പശുവിനെ ആക്രമിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം ദൂരെ നിന്നും ഒരാൾ നടന്ന് വരുന്നതും കാണാം. സിംഹത്തിൻറെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പശു പരമാവധി ശ്രമിക്കുന്നു. ഇടയ്ക്ക് സിംഹത്തെയും വലിച്ച് റോഡിന് പുറത്തേക്ക് നീങ്ങാൻ പശു ഒരു ശ്രമം നടത്തുന്നു. ഈ സമയം പശുവിൻറെ കഴുത്തിൽ കടിച്ച് പിടിച്ച് കിടന്ന സിംഹം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നു. ഈ സമയമാകുമ്പോഴേക്കും വഴിയാത്രക്കാരൻ പശുവിന് അടുത്തെത്തുന്നതും വീഡിയോയിൽ കാണം.
തുടർന്ന് അദ്ദേഹം റോഡ് സൈഡിൽ നിന്നും കല്ലോ ചുള്ളിക്കമ്പോ പോലുള്ള എന്തോ ഒന്ന് എടുത്ത് പശുവിനടുത്തെത്തി സിംഹത്തെ എറിയുന്നത് പോലെ കാണിക്കുമ്പോൾ ഭയന്ന് പോയ സിംഹം പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടി മറയുന്നു. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ അലിദാർ ഗ്രാമത്തിലാണ് സംഭവം. കീർത്തി സിൻഹ് ചൗഹാൻ എന്ന കർഷകനാണ് തൻറെ പശുവിനെ രക്ഷിക്കാനായി സിംഹത്തെ ഓടിച്ച് വിട്ടത്. അല്പം പോലും ആശങ്കയില്ലാതെ സിംഹത്തെ ഓടിച്ചുവിട്ട് തൻറെ പശുവിൻറെ ജീവൻ രക്ഷിച്ച ചൗഹാൻ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഹീറോയാണ് .