കുപ്പിയില്‍ നിന്നും ഉള്ളം കൈയിലേക്ക് ഒഴിക്കുന്ന വെള്ളം കുടിക്കുന്ന പെണ്‍സിംഹം; വീഡിയോ വൈറല്‍

Advertisement

കാലാവസ്ഥാ വ്യതിയാനം മനുഷ്യനെ പോലെ തന്നെ മൃഗങ്ങളെയും ഏറെ ബാധിക്കുന്നു. മനുഷ്യന്‍ പല തരത്തിലും ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ മൃഗങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രകൃതിപ്രതിഭാസങ്ങളുടെ ഇരകളായി തീരുന്നു. സാഹചര്യങ്ങളെ സ്വന്തം അവസ്ഥയ്ക്ക് അനുകൂലമായി മാറ്റിത്തീര്‍ക്കുന്നതിനുള്ള കഴിവ് അവയ്ക്കില്ലെന്നത് തന്നെയാണ് കാരണം.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഭൂമി കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുകയാണെന്ന് നമ്മുക്കെല്ലാം അറിയാം. മ‍ൃഗങ്ങളെയെല്ലാം ഇത് ബാധിക്കുന്നത് ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളെയാണ്. വറ്റിവരണ്ട ജലാശയങ്ങളും തീ പടര്‍ന്ന കാടുകളും അവയുടെ അതിജീവനത്തെ അതീവ ദുസഹമാക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫ് രാജ്യത്തെ ഒരു റോഡരികില്‍ വെള്ളം കിട്ടാതെ തളര്‍ന്നുവീണ ഒരു ഒട്ടകത്തിന് വെള്ളം കൊടുക്കുന്ന ഒരു ട്രക്ക് ഡ്രൈവറുടെ വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ ദിവസം ഇതിന് സമാനമായ ഒരു വീഡിയോ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റി.

സുശാന്ത നന്ദ ഐപിഎസ് ആണ് വീഡിയോ പങ്കുവച്ചത്. ‘ഈ ഗ്രഹത്തിൽ മാന്ത്രികതയുണ്ടെങ്കിൽ, അത് വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.’ വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചു. ഏതാണ്ട് വരണ്ട ഒരു പ്രദേശത്ത് ഒരു മനുഷ്യന്‍റെ നിഴലില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പെട്ടെന്ന് ചെറിയൊരു കുറ്റിക്കാട്ടിന്‍റെ മറവില്‍ നിന്നും ഒരു പെണ്‍സിംഹം ഓടിവരുന്നു. അടുത്ത നിമിഷം ഒരു ഭയാനക ദൃശ്യത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമോയെന്ന് കാഴ്ചക്കാരന്‍ ചിന്തിക്കുന്നതിന് മുമ്പ് നേരത്തെ കണ്ടയാള്‍ ഒരു കുപ്പി വെള്ളം സിംഹത്തിന് നേരെ നീട്ടുന്നു.

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി പെണ്‍സിംഹം ആ കുപ്പിയില്‍ നിന്നുള്ള വെള്ളം കുടിക്കുന്നു. കുപ്പിയില്‍ നിന്നും തന്‍റെ കൈയിലേക്ക് അദ്ദേഹം വെള്ളം ഒഴിക്കുമ്പോള്‍ സിംഹം അദ്ദേഹത്തിന്‍റെ കൈയില്‍ നിന്നുമാണ് വെള്ളം കുടിക്കുന്നത്. വീഡിയോ ഇതിനകം നാല്‍പ്പത്തിരണ്ടായിരത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതി. കുറിപ്പുകളെഴുതിയവരില്‍ മിക്കവരും വെള്ളം സംരക്ഷിക്കേണ്ടതിന്‍റെയും അതുവഴി ജീവന്‍ നിലനിര്‍ത്തേണ്ടതിന്‍റെയും ആവശ്യകതയെ കുറിച്ചാണ് സൂചിപ്പിച്ചത്. ‘വളരെ മനോഹരം’ എന്ന് കുറിച്ചവരും കുറവല്ല.