മുംബൈ . മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പുറത്തുവരികയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതിനായുള്ള ശ്രമങ്ങൾ ബിജെപി നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഓരോ നീക്കവും.
മാര്‍ച്ച് മാസത്തില്‍ ചര്‍ച്ചകളാരംഭിച്ഛ് ഏപ്രിലില്‍ നടന്ന അമിത്ഷാ – അജിത് പവാര്‍ കൂടിക്കാഴ്ചയോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടുമൊരു അട്ടിമറിക്ക് കളമൊരുങ്ങിയത്. ഏപ്രില്‍ 15ന് മുംബൈയില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. സംഭവം വാര്‍ത്തയായതോടെ അജിത് അന്നത് തള്ളിപ്പറഞ്ഞെങ്കിലും അതിനോടകം നിരവധി എന്‍സിപി എംഎല്‍എമാര്‍ മറുചേരി ലക്ഷ്യമാക്കി നീങ്ങിയിരുന്നുവെന്നതാണ് വാസ്തവം.
ബിജെപി നീക്കമറിഞ്ഞ ഏക്‌നാഥ് ഷിന്‍ഡെ മേയ് അവസാനത്തോടെ മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ചര്‍ച്ചയ്ക്കെടുത്ത് പച്ചക്കൊടി കാട്ടി. ജൂണ്‍ 4-ന് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്‌നവിസും ഡല്‍ഹിയിലെത്തി അമിത്ഷായെ കണ്ട് നീക്കങ്ങള്‍ ധരിപ്പിച്ചു. കൊങ്കണ്‍ വെള്ളം സംബന്ധിച്ച പ്രശ്‌നവും, മറാത്ത് വാഡ ഗ്രിഡ് പദ്ധതിയും ചര്‍ച്ച ചെയ്യുന്നതിനാണ് ഡല്‍ഹിയിലെത്തിയതെന്നായിരുന്നു അന്ന് ഷിന്‍ഡെ അവകാശപ്പെട്ടത്. ജൂണ്‍ 17-ന് ഡല്‍ഹില്‍ ഷിന്‍ഡെ – അമിത്ഷാ രഹസ്യ കൂടിക്കാഴ്ച തീരുമാനിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഷിന്‍ഡെ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കിയതിന് തലേ ദിവസം ജൂണ്‍ 29ന് ഷിന്‍ഡെയും – അമിത്ഷായും – ഫഡ്നാവിസും അന്തിമ കൂടിക്കാഴ്ച നടത്തി. അജിത് പവാറിന്റെ സ്ഥാനാരോഹണം സംബന്ധിച്ച് അമിത് ഷാ ഔദ്യോഗികമായി അനുമതി നല്‍കിയ രാത്രിയായിരുന്നു അത്.
അതേസമയം കരുതലോടെ കരുക്കള്‍ നീക്കി പാര്‍ട്ടികള്‍. കോണ്‍ഗ്രസ് ഇന്ന് അടിയന്തിര നിയമസഭാകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ യോഗവും ഇന്ന് നടക്കും. എന്‍സിപിക്ക് സമാനമായി കൊഴിഞ്ഞുപോക്കുണ്ടാകുന്നത് തടയുകയാണ് ഈ പാര്‍ട്ടികളുടെ ലക്ഷ്യം. അതേസമയം പാര്‍ട്ടി പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കെ ശരത് പവാര്‍ ഇന്ന് മുംബൈയില്‍ എത്തും. പ്രധാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ പുതിയ ആസ്ഥാനം ഇന്ന് മുംബൈയില്‍ തുറക്കും. ഒപ്പം നേരത്തെ അജിത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ ഇന്ന് ഓഫീസിലെത്തി ചുമതലയേല്‍ക്കും.