ഭോപ്പാല്‍. മധ്യപ്രദേശില്‍ വീട്ടിനകത്ത് മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.
യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ഭാര്യാസഹോദരന്‍ ആരോപിച്ചു. എന്നാല്‍ ഭാര്യ മഞ്ഞപിത്തം ബാധിച്ച് മരിച്ചതാണെന്നും മുംബൈയിലുള്ള മകന്‍ വരുന്നത് വരെ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു എന്നുമാണ്് ഭര്‍ത്താവിന്റെ വാദം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രേവാ ജില്ലയിലാണ് സംഭവം. 40 വയസുള്ള സുമിത്രിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. സുമിത്രിയുടെ സഹോദരന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ പൊലീസ് മൃതദേഹം കണ്ടെത്തിയത്. സുമിത്രിയെ ഭര്‍ത്താവ് ഭരത് മിശ്ര കൊലപ്പെടുത്തി എന്നതായിരുന്നു സഹോദരന്റെ പരാതി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം സുമിത്രി, മഞ്ഞപിത്തം വന്ന് മരിച്ചതാണെന്നാണ് ഭരത് മിശ്ര അവകാശപ്പെടുന്നത്. മുംബൈയിലുള്ള മകന്‍ വീട്ടില്‍ വരുന്നത് വരെ മോര്‍ച്ചറി ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നുവെന്നും ഭരത് മിശ്ര പറയുന്നു.
അതേസമയം സഹോദരി മരിച്ച കാര്യം ഭരത് മിശ്ര അറിയിച്ചില്ലെന്നും സുമിത്രിയുടെ സഹോദരന്‍ അഭയ് തിവാരിയുടെ പരാതിയില്‍ പറയുന്നു. സ്ഥിരമായി സഹോദരിയെ മിശ്ര മര്‍ദ്ദിക്കാറുണ്ടെന്നും മര്‍ദ്ദനത്തിനിടെ സുമിത്രി മരിച്ചതാകാമെന്നും അഭയ് തിവാരിയുടെ പരാതിയില്‍ പറയുന്നു.പരാതി സ്വീകരിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്