മള്‍ട്ടിപ്ലെക്സ് തീയറ്ററുകളിലെ സാധനങ്ങളുടെ വില വിവരപ്പട്ടിക എന്നും നെറ്റിസണ്‍സിനിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുന്ന വിഷയമാണ്. എങ്കിലും ഓരോ തവണ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ വിലയിലുള്ള അന്തരത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കാറുണ്ട്.
കഴിഞ്ഞ ദിവസം, പ്രശസ്ത പത്രപ്രവര്‍ത്തകനും റാംനാഥ് ഗോയങ്ക അവാര്‍ഡ് ജേതാവ് കൂടിയായ ത്രിദീപ് കെ മണ്ഡല്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച നോയിഡ പിവിആര്‍ സിനിമാസിലെ ഭക്ഷണ ബില്ല് നെറ്റിസണ്‍സിനിടെയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. കുറിപ്പ് ഇതിനകം പതിനാറ് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ ഈ വിലകൂടിയ ബില്ലിനെതിരെ പ്രതികരിക്കാനെത്തി.
ബില്ലിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട്, ത്രിദീപ് ഇങ്ങനെ എഴുതി, “55 ഗ്രാം ചീസ് പോപ്‌കോണിന് 460 രൂപ, 600 മില്ലി പെപ്‌സിക്ക് 360 രൂപ. @_PVRCinemas Noida-ൽ ആകെ 820 രൂപ. അത് @PrimeVideoIN-ന്‍റെ വാർഷിക സബ്‌സ്‌ക്രിപ്‌ഷന് ഏകദേശം തുല്യമാണ്. ആളുകൾ ഇപ്പോൾ സിനിമാശാലകളിൽ പോകാത്തതിൽ അതിശയിക്കാനില്ല. കുടുംബത്തോടൊപ്പം സിനിമ കാണുന്നത് താങ്ങാനാവുന്നില്ല.” അദ്ദേഹം എഴുതി. ആമസോണ്‍ പ്രൈം ലൈറ്റിന്‍റെ ഒടിടി പ്ലാറ്റ്ഫോം ഇന്ത്യയില്‍ 999 രൂപയ്ക്ക് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രൈം സബ്സ്ക്രിപ്ഷന് 1499 രൂപയാണ്. നോയിഡ പിവിആര്‍ സിനിമാസിലെ സ്നാക്സ് ബില്ലുമായി താരതമ്യം ചെയ്യുമ്പോള്‍ ആമസോണ്‍ പ്രൈം വളരെ ലാഭകരമാണ്. കൊവിഡ് വ്യാപനത്തിന് പിന്നാലെ സിനിമാ തീയറ്ററുകള്‍ അടച്ചിട്ടപ്പോഴാണ് ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ വ്യാപകമായത്.
ട്വീറ്റ് വൈറലായതോടെ സാമൂഹിക മാധ്യമങ്ങളില്‍ കമന്‍റുകളുടെ പ്രവാഹമായിരുന്നു. ഒരു ഉപയോക്താവ് അവരുടെ സ്വന്തം അനുഭവം പങ്കുവച്ചു. “ഇന്നലെ പിവിആറിൽ പോയി. ഒരു സാധാരണ പോപ്‌കോൺ, പെപ്‌സി കോംബോ 600 എന്തോ ആയിരുന്നു. ലഭ്യമായ ഏറ്റവും ചെറിയ കോമ്പോയാണിത്.”, “അതിനുശേഷം അവർ ‘ഷോ ആസ്വദിക്കൂ’ എന്ന് എഴുതുന്നു.” മറ്റൊരാള്‍ കളിയാക്കി പറഞ്ഞു. “മുതലാളിത്തം അതിന്‍റെ ഏറ്റവും മികച്ചതാണ്.” മറ്റൊരു കാഴ്ചക്കാരന്‍ കുറച്ച് കൂടി താത്വികമായി പ്രതികരിച്ചു.