17 കാരി അധ്യാപികയോടൊപ്പം ഒളിച്ചോടി, ലൗജിഹാദ് ആരോപിച്ച് നാട്ടിൽ സംഘർഷം; ഒടുവിൽ ഇരുവരെയും കണ്ടെത്തി പൊലീസ്

Advertisement

ജയ്പൂർ: രാജസ്ഥാനിൽ 17കാരിയെ കാണാനില്ലാത്തതിനെ തുടർന്ന് ​ഗ്രാമത്തിൽ സംഘർഷം. ലൗ ജിഹാദ് ആരോപണമുയർത്തിയാണ് സംഘർഷമുണ്ടായത്. പഠിപ്പിക്കുന്ന അധ്യാപികയോടൊപ്പമാണ് പെൺകുട്ടി ഒളിച്ചോടിയത്.

ഇരുവരെയും ചെന്നൈയിൽനിന്ന് പൊലീസ് പിടികൂടി. 20 വയസ്സുള്ള അധ്യാപികയോടൊപ്പമാണ് വിദ്യാർഥിനി ഒളിച്ചോടിയത്. തങ്ങൾ സ്നേ​ഹത്തിലാണെന്നും അതിന്റെ പേരിൽ നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കരുതെന്നും ഇരുവരും അഭ്യർഥിച്ചു. കഴിഞ്ഞയാഴ്ച മുതൽ ഇരുവരും വിവിധ നഗരങ്ങളിൽ താമസിച്ചിരുന്നതായി ബിക്കാനീർ ഐജിപി ഓം പ്രകാശ് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, നിർബന്ധിത വിവാഹം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പെൺകുട്ടിയെ ജില്ലയിലെ അവളുടെ ജന്മനാട്ടിൽ കൊണ്ടുവന്ന് പൊലീസ് മൊഴി രേഖപ്പെടുത്തും. ജൂലായ് ഒന്നിന് രാവിലെ 7.30ന് സ്‌കൂളിൽ പോയ ശേഷം പെൺകുട്ടി തിരിച്ചെത്തിയില്ലെന്നാണ് 12-ാം ക്ലാസുകാരിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. അധ്യാപികയെ കൂടാതെ, എഫ്‌ഐ‌ആറിൽ അവളുടെ രണ്ട് സഹോദരന്മാരെയും ഗൂഢാലോചനക്കുറ്റത്തിൽ പ്രതിചേർത്തു. അധ്യാപികയുടെ കുടുംബവും ഇതേ പോലീസ് സ്റ്റേഷനിൽ ഇവരെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. സംഭവം ലൗ ജിഹാദാണെന്ന് വലതുപക്ഷ സംഘടനകൾ ആരോപിച്ചു. എന്നാൽ, തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ ആരോപിക്കുന്നുവെന്നും ഇരുവരും പറയുന്ന വീഡിയോ പ്രചരിച്ചിരുന്നു. തുടർന്നാണ് പ്രതിഷേധമുണ്ടായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം മൂടിവെക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംഎൽഎ രാജേന്ദ്ര റാത്തോഡ് രം​ഗത്തെത്തി. കൗമാരക്കാരനെയും അധ്യാപികയെയും ബിക്കാനീറിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു സംഘം ചെന്നൈയിലെത്തിയതായി എസ്പി തേജസ്വനി ഗൗതം പറഞ്ഞു.

കഴിഞ്ഞയാഴ്ച കേരളത്തിലും സമാനസംഭവമുണ്ടായിരുന്നു. ട്യൂഷൻ അധ്യാപികയോടൊപ്പമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒളിച്ചോടിയത്. ഒടുവിൽ ഇരുവരെയും പൊലീസ് കണ്ടെത്തുകയും അധ്യാപികക്കെതിരെ കേസെടുക്കുകയും ചെയ്തു. പോക്സോ പ്രകാരമാണ് കേസെടുത്തത്.