ന്യൂഡൽഹി: ഭർത്താവിന് അവിഹിത ബന്ധമെന്ന ഭാര്യയുടെ പരാതിയിൽ മൊബൈൽ ഫോണ്ഡ കോൾ രേഖകളും ഹോട്ടലിൽ താമസിച്ചതിന്റെ രേഖകളും ഹാജരാക്കാൻ കുടുംബ കോടതിയുടെ ഉത്തരവ്. എന്നാൽ കുടുംബക്കോടതി ഉത്തരവിനെതിരെ യുവാവ് സുപ്രീം കോടതിയിൽ ഹർജി നൽകി.
യുവാവിന്റെ ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വ്യഭിചാര ബന്ധം തെളിയിക്കാൻ വേണ്ടി മാത്രം സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നത് സ്വകാര്യതയ്ക്കുള്ള തന്റെ അവകാശത്തിന് വിരുദ്ധമാണെന്നും തനിക്കെതിരെയുള്ള പരാതി സമൂഹത്തിനെതിരായ കുറ്റമല്ലെന്നും യുവാവ് ആരോപിച്ചു.
കേസിൽ ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഭാര്യക്ക് നോട്ടീസ് അയക്കുകയും രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനും ആവശ്യപ്പെട്ടു. ഹോട്ടലിൽ മുറി ബുക്ക് ചെയ്ത വിശദാംശങ്ങൾ, പണമടച്ച വിശദാംശങ്ങൾ, ഹോട്ടലിലെ താമസക്കാരുടെ ഐഡി പ്രൂഫുകൾ തുടങ്ങിയ രേഖകൾ കോടതിക്ക് നൽകാൻ ജയ്പൂരിലെ ഫെയർമോണ്ട് ഹോട്ടലിനോട് കുടുംബകോടതി നിർദ്ദേശിച്ചിരുന്നു. പുറമെ, യുവാവിന്റെ കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (സിഡിആർ) സൂക്ഷിക്കാനും അയയ്ക്കാനും ബന്ധപ്പെട്ട മൊബൈൽ കമ്പനികൾക്കും നിർദേശം നൽകിയിരുന്നു. കുടുംബകോടതി ഉത്തരവ് ദില്ലി ഹൈക്കോടതിയും ശരിവച്ചു. കുടുംബകാര്യങ്ങളിൽ തെളിവ് ശേഖരിക്കുന്നതിൽ കുടുംബ കോടതികൾ ഇടപെടരുതെന്ന് ഭർത്താവിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പ്രീതി സിംഗ് വാദിച്ചു.