ലഖ്നൗ: സംസ്കാരം, പാരമ്പര്യം, ഭക്ഷണം, കല, ജനസമ്പത്ത് എന്നിങ്ങനെ എല്ലാക്കാര്യത്തിലുമുള്ള വൈവിധ്യങ്ങളാല്‍ ലോകമെമ്പാടും പ്രശസ്തമാണ് നമ്മുടെ രാജ്യം. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു നേട്ടം കൂടി നമ്മുടെ രാജ്യത്തിന് സ്വന്തമായുണ്ട്. ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമം ഇന്ത്യയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്നാല്‍ ഇത് ഇന്ത്യയില്‍ ഏറ്റവും ആദ്യം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലല്ല. ‘ധോറ മാഫി’ എന്ന ഈ ഗ്രാമം ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. അലിഗഡ് വിവിധങ്ങളായ വ്യവസായങ്ങൾക്കും പ്രശസ്തമായ അലിഗഡ് മുസ്ലീം സർവകലാശാലയ്ക്കും പേരുകേട്ട ജില്ലയാണ്. 2002-ലാണ് ഈ ഗ്രാമം ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമമായി ‘ലിംക ബുക്ക് ഓഫ് റെക്കോർഡ്’സിൽ ഇടംപിടിച്ചത്. നിരവധി ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും എഞ്ചിനീയർമാരെയും പ്രൊഫസർമാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും ഈ ഗ്രാമം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 75 ശതമാനത്തിലധികമാണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക്.
24 മണിക്കൂറും വൈദ്യുതിയും ജലവിതരണവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും കോളേജുകളുമുള്ള രാജ്യത്തെ ഏറ്റവും വികസിത ഗ്രാമങ്ങളിലൊന്നാണ് ഇന്ന് ധോറ മാഫി. ഈ ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം പതിനായിരം മുതൽ പതിനൊന്നായിരം വരെയാണ്. ഇവിടുത്തെ 80 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരാണെന്നതാണ് അടുത്ത പ്രത്യേകത. ഗ്രാമത്തിലെ മുതിർന്നവരിൽ ഭൂരിഭാഗം ആളുകളും സ്വന്തമായി ജോലി ഉള്ളവരാണെന്നതും ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നു. ഗ്രാമത്തിലെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകുന്ന കാര്യത്തിലും ഈ ഗ്രാമം മുൻപന്തിയിലാണ്. രാജ്യത്തിന്‍റെ ബ്യൂറോക്രസിക്കും വിദ്യാഭ്യാസ രംഗത്തും ഇത്രയേറെ പേരെ സംഭാവന ചെയ്ത ഈ ഗ്രാമത്തെ കുറിച്ച് പക്ഷേ ഇന്ത്യയിലുള്ളവർക്ക് പോലും അത്ര പരിചയമില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.