ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് റെയിൽവേ

Advertisement

പാറ്റ്ന: ബീഹാറിലെ ചപ്ര ജില്ലയിലൂടെ കടന്ന് പോകുന്ന ഒരു ട്രെയിനില്‍ നിന്ന് എതിര്‍ ദിശയില്‍ കടന്നു പോകുന്ന മറ്റൊരു ട്രെയിനിന്‍റെ വാതില്‍ക്കല്‍ ഇരിക്കുന്നവരെ ബെല്‍ട്ട് ഉപയോഗിച്ച് തല്ലുന്നയാളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ വൈറലായത്. देव എന്ന ട്വിറ്റര്‍ ഉപയോക്താവായിരുന്നു വീഡിയോ പങ്കുവച്ചത്.

വീഡിയോ പങ്കുവച്ച് കൊണ്ട് ദേവ് ഇങ്ങനെ എഴുതി,’ ഇയാൾ മറ്റൊരു ട്രെയിനിൽ വാതിലിനരികിൽ ഇരിക്കുന്നവരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നു, ഇത് സത്യമാണോ ? ബെൽറ്റ് കൊണ്ട് ഇടിക്കുന്നതിനാൽ വാതിലിൽ ഇരിക്കുന്നയാളും അടിക്കുന്നയാളും ട്രെയിനിൽ നിന്ന് വീഴാം, വലിയ അപകടവും സംഭവിക്കാം. ഇത്തരം സാമൂഹ്യ വിരുദ്ധ ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കുക.’ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം അഞ്ച് ലക്ഷത്തി മുപ്പതിനായിരത്തോളം പേരാണ് വീഡിയോ കണ്ടത്. ഒടുവില്‍ ഇന്ത്യന്‍ റെയില്‍വേ തന്നെ പ്രതികരണവുമായി രംഗത്തെത്തി.

വീഡിയോയില്‍ എതിര്‍ ദിശയിലൂടെ സാമാന്യം വേഗത്തില്‍ പോകുന്ന ട്രെയിന്‍റെ വാതില്‍പ്പടിയില്‍ ഇരിക്കുന്നവരെയാണ് ഇയാള്‍ ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുന്നത്. ചില സമയങ്ങളില്‍ അടി കൊള്ളുന്നതിനായി ഇയാള്‍ അപകടകരമായ രീതിയില്‍ കുനിയുന്നതും വീഡിയോയില്‍ കാണാം. ഈ സമയമത്രയും ഇയാള്‍ ഒരു കൈ കൊണ്ടാണ് ട്രെയിനിന്‍റെ വാതില്‍പാളിയില്‍ പിടിച്ചിരിക്കുന്നത്. ഇരുവശങ്ങളിലേക്കായി അതിവേഗതയില്‍ നീങ്ങുന്ന രണ്ട് ട്രെയിനുകള്‍ക്കിടയിലാണ് അപകടകരമായ ഈ പ്രവര്‍ത്തി നടക്കുന്നതെന്നതും ശ്രദ്ധേയം. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളെ ശ്രദ്ധയാകര്‍ഷിച്ചു.

വീഡിയോ കണ്ട പലരും അയാള്‍ക്ക് ഭ്രാന്താണെന്നായിരുന്നു എഴുതിയത്. “അയ്യോ…അവൻ ഒരു മനോരോഗിയാണെന്ന് തോന്നുന്നു. ശിക്ഷയും ചികിത്സയും ആവശ്യമാണ്.” ഒരു കാഴ്ചക്കാരന്‍ എഴുതി. “അവൻ ബെല്‍റ്റ് കൊണ്ട് അടിക്കുന്നു. അത് വലിയ പരിക്കേൽപ്പിക്കും. അവൻ അറസ്റ്റിലാകുമെന്ന് പ്രതീക്ഷിക്കുന്നു.” മറ്റൊരാള്‍ എഴുതി. വീഡിയോ വൈറലായതോടെ പ്രതികരണവുമായി ഈസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ രംഗത്തെത്തി. “ഞങ്ങളെ അറിയിച്ചതിന് നന്ദി, നടപടി സ്വീകരിച്ചുവരികയാണ്.” എന്നായിരുന്നു റെയില്‍വേയുടെ മറുപടി. എന്നാല്‍, സംഭവം എപ്പോള്‍, എവിടെ നടന്നതാണെന്നോ സമയമോ തിയതിയോ അറിയില്ല. റെയില്‍വേ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നില്ല.