ന്യൂഡെല്‍ഹി.ഉത്തരേന്ത്യയിൽ കാലവര്‍ഷ കെടുതികളിൽ 50 ൽ അധികം മരണം. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ജമ്മു കശ്‌മീർ, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിൽ രണ്ടു ദിവസമായി കനത്തമഴ തുടരുകയാണ്.
ഡൽഹിയിൽ നാലു പതിറ്റാണ്ടിനിടയിലെ വലിയ മഴയാണ് (153 എംഎം) 24 മണിക്കൂറിനുള്ളിൽ പെയ്‌തത്. ഡല്‍ഹിയിലെ റോഡുകളിലെ വെള്ളക്കെട്ട് കാരണം ഗതാഗതം സ്‌തംഭിച്ചു. മരങ്ങൾ വ്യാപകമായി കടപുഴകി. വൈദ്യുതി തടസ്സപ്പെട്ടു.
ഞായറാഴ്ച ഹിമാചലിൽ അഞ്ചു പേരും രാജസ്ഥാനിൽ നാലു പേരും ജമ്മു കശ്‌മീരിൽ പൂഞ്ചിലെ മിന്നൽപ്രളയത്തിൽ രണ്ടു സൈനികരും ഉത്തർപ്രദേശിൽ ആറുവയസ്സുകാരിയും അമ്മയും ഉത്തരാഖണ്ഡിൽ മുതിർന്ന ദമ്പതികളും ഡൽഹിയിൽ ഒരാളും മരിച്ചു. പൂഞ്ചിൽ ജലാശയം മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ മിന്നൽപ്രളയത്തിലാണ് നായിബ് സുബേദാർ കുൽദീപ് സിങ്, ലാൻസ് നായിക് തേലുറാം എന്നിവർ മരിച്ചത്.
പതിമൂന്ന് മണ്ണിടിച്ചിലും ഒമ്പത് മിന്നൽ പ്രളയവുമാണ് 36 മണിക്കൂറിനുള്ളിൽ ഹിമാചലിൽ ഉണ്ടായത്. രവി, ബിയാസ്, സത്‌ലജ്, ചെനാബ് തുടങ്ങി നദികളെല്ലാം കരകവിഞ്ഞു. കുളുവിൽ ബിയാസ് നദിയോട് ചേർന്നുള്ള ദേശീയപാതയുടെ ഒരുഭാഗം ഒഴുകിപ്പോയി.പല മേഖലകളെയും ബന്ധിപ്പിക്കുന്ന പാലങ്ങൾ തകർന്നതിനാൽ ടൂറിസ്റ്റുകൾ ഉൾപ്പെടെ ഇരുനൂറിലധികം പേർ കുടുങ്ങി. സംസ്ഥാനത്ത് മഴക്കെടുതി മരണം 48 ആയി. 362 കോടിയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഒഡിഷയിൽ ആറുപേർ മരിച്ചു. മയൂർഭഞ്ജ്, കേന്ദ്രപാര, ബാലസോർ തുടങ്ങി ഒട്ടേറെ ജില്ലകളിൽ സർക്കാർ ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു. ശനിയാഴ്ച മഹാനദിയിൽ ഒഴുക്കിൽപ്പെട്ട ബോട്ടിൽ നിന്ന് 70 പേരെ രക്ഷപ്പെടുത്തി.
അടുത്ത ഏതാനും ദിവസങ്ങളിൽ പശ്ചിമ മധ്യപ്രദേശിലും കിഴക്കൻ രാജസ്ഥാനിലും അതിശക്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമുണ്ട്.അതിനിടെ, വെള്ളിയാഴ്ച നിർത്തിവെച്ച ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര ഞായറാഴ്ച രാവിലെ പുനരാരംഭിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വൈഷ്ണോദേവി ക്ഷേത്ര ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അൻഷുൽ ഗാർഗ് പറഞ്ഞു.