കൊല്‍കൊത്ത.പശ്ചിമ ബംഗാളിലെ 700 ബൂത്തുകളിൽ ഇന്ന് റീ പോളിംഗ് നടക്കും. ബൂത്ത് പിടുത്തവും, പോളിംഗ് സാമഗ്രികൾ നശിപ്പിക്കലും അടക്കമുള്ള അക്രമങ്ങൾ ഉണ്ടായ പോളിംഗ് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. റീപോളിംഗ് നടക്കുന്ന ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഏറ്റവും കൂടുതൽ സംഘർഷം ഉണ്ടായ മൂർഷിദാബാദ് ജില്ലയിലാണ് കൂടുതൽ ബൂത്തുകളിൽ റീപോളിംഗ് നടക്കുക. മുർഷിദാബാദിലെ 175 ബൂത്തുകളിലാണ് ഇന്ന് റീപോളിംഗ് നടക്കുന്നത്.മാൾഡയിലെ 112 ബൂത്തുകളിലും, നാദിയയിലെ 89 ബൂത്തുകളിലും അടക്കം 9 ജില്ലകളിൽ റീപോളിംങ് നടക്കും.
എന്നാൽ വൻ തോതിൽ അക്രമമുണ്ടായ ഭംഗർ ജില്ലയിൽ റീ പോളിംഗ് പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സംഘർഷ സംബന്ധിച്ച കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഗവർണർ പി വി ആനന്ദബോസ് ഡൽഹിയിൽ എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗവർണർ കൂടിക്കാഴ്ച നടത്തും.