സിംല. ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം. സോളാന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു.
വിനോദ യാത്രയ്ക്കായി മണാലിയില്‍ എത്തിയ 45 മലയാളി ഹൗസ് സര്‍ജന്മാര്‍ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് മണാലിയില്‍ കുടുങ്ങിയത്. മറ്റ് രണ്ട് മലയാളികളും മണാലിയില്‍ കുടുങ്ങിയിട്ടുണ്ട്. വര്‍ക്കല സ്വദേശി യാക്കൂബും കൊല്ലത്തുകാരന്‍ സെയ്തലവിയുമാണ് കുടുങ്ങിയത്. ഇവരെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.
കളമശേരിയില്‍ നിന്നുള്ള 27 പേരും തൃശൂരില്‍ നിന്നുള്ളവരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ 18 പേര്‍ മണാലിയിലും മറ്റുള്ളവര്‍ കൊക്സറിലുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ ഉച്ച മുതല്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് കുടുംബങ്ങള്‍ പറഞ്ഞിരുന്നു.
തൃശൂരില്‍ നിന്നുള്ള 18 പേരെ സുരക്ഷിത ക്യാംപുകളിലേക്ക് മാറ്റിയതായി ട്രാവല്‍ ഏജന്‍സി അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ളവരും സുരക്ഷിതരാണെന്ന് സംസ്ഥാനത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് അറിയിച്ചു. ഹിമാചല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ചന്ദ്രഘട്ട്- മണാലി ദേശീയപാത അടച്ചു. മാണ്ഡി- കുളു റോഡ് അടച്ചു. സ്‌കൂളുകളും കോളജുകളും അടച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കല്‍ക-ഷിംല റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.