‘ഹാപ്പി ബർത്ത്‌ഡേ സൊ-മൈ-റ്റോ’; സൊമാറ്റോയുടെ ജന്മദിനം അതും സ്വിഗ്ഗി കൊണ്ട് പോയെന്ന് കുറിപ്പ് !

Advertisement

കഴിഞ്ഞ ദിവസം ഭക്ഷണ വിതരണ ലോകം അത്യപൂര്‍വ്വമായൊരു ഹൃദയസ്പര്‍ശിയായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ തങ്ങളുടെ 15-ാം വാർഷികം ആഘോഷിക്കുമ്പോൾ, മേഖലയിലെ ശക്തനായ പ്രതിയോഗിയായ സ്വിഗ്ഗി മധുരമൂറിയ ജന്മദിനാശംസകൾ നൽകാനായെത്തി.

അവർ സൊമാറ്റോ ഓഫീസിലേക്ക് തങ്ങളുടെ ജന്മദിന കേക്കുകൾ അയച്ച് നല്‍കി. ജന്മദിനാശംസകള്‍ നേര്‍ന്ന് നല്‍കിയ രണ്ട് കേക്കുകളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ട് സൊമാറ്റോ ഇങ്ങനെ കുറിച്ചു. ’15 വർഷമായി നമ്മുടെ പരമാവധി നമ്മള്‍ ശ്രമിച്ചു, പല തവണ പരാജയപ്പെട്ടു, എപ്പോഴൊക്കെയും തിരിച്ചുവരാൻ പഠിച്ചു, നിങ്ങളുടെ സ്നേഹം സമ്പാദിച്ചു. നന്ദി ❤️’. ഒപ്പം അയച്ച് നല്‍കിയ കേക്കുകളില്‍ സ്വിഗ്ഗി എഴുതി, ‘Happy Birthday zo-mai-to’. പിന്നാലെ സ്വിഗ്ഗി തങ്ങളുടെ ആപ്പില്‍ ഒരു ഓര്‍ഡര്‍ ചെക്ക്ഔട്ട് ചെയ്ത പേജിന്‍റെ സ്ക്രീന്‍ ഷോട്ടും പങ്കുവച്ചു. ആ സ്ക്രീന്‍ ഷോട്ടില്‍ ഇങ്ങനെ എഴുതി, ‘സന്തോഷ ജന്മദിനങ്ങള്‍ നിങ്ങള്‍ക്കായി ചിലത് അയക്കുന്നു.’

പിന്നാലെ സൊമാറ്റോയുടെ മറുപടിയെത്തി, “നന്ദി, സുഹൃത്തേ”. കോര്‍പ്പറേറ്റ് രംഗത്തെ കിടമത്സരത്തിനിടെയിലും വ്യാപാര മേഖലയിലെ എതിരാളികളായ ഫുഡ് ഡെലിവറി ഭീമന്മാരുടെ ഈ സ്നേഹ വായ്പ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ നെറ്റിസണ്‍സിനിടെയില്‍ വൈറലായി. സൊമാറ്റോയുടെ പോസ്റ്റിന്‍റെ കമന്‍റ് വിഭാഗത്തില്‍ സ്വിഗ്ഗിയുടെ ഹൃദയസ്പർശിയായ സ്നേഹ പ്രകടനത്തോടുള്ള അഭിനന്ദനങ്ങളാൽ നിറഞ്ഞു. ഉപയോക്താക്കൾ അവരുടെ സ്നേഹവായ്പ്പ് പ്രകടിപ്പിച്ചത് വളരെ വേഗത്തിലായിരുന്നു,

“ഈ സ്നേഹം ദുഷിച്ച കണ്ണിൽ നിന്ന് സംരക്ഷിക്കപ്പെടട്ടെ” എന്ന് ഒരു ഉപയോക്താവെഴുതി. “ഞാൻ ഇന്ന് കണ്ട ഏറ്റവും മനോഹരമായ കാര്യം” എന്ന് മറ്റ് ചിലര്‍ കുറിച്ചു. “എന്തൊരു കുടുംബ സൗഹൃദ അന്തരീക്ഷമാണ്” എന്ന് വേറൊരാള്‍ കളി പറഞ്ഞു. പലരും അത്ഭുതത്തോടെ ‘അയ്യോ’ എന്ന വ്യാക്ഷേപക പദമെഴുതി. എതിരാളികള്‍ തമ്മിലുള്ള അപ്രതീക്ഷിത സ്നേഹബന്ധത്തെ എല്ലാവരും ശ്ലാഘിച്ചു. അതേസമയം, ‘സൊമാറ്റോയുടെ ജന്മദിനം സ്വിഗ്ഗി കൊണ്ട് പോയെന്ന്’ കുറിച്ചവരുമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അത് തന്നെയായിരുന്നു സംഭവിച്ചതും. സൊമാറ്റോയ്ക്ക് ജന്മദിനം നേര്‍ന്ന് സ്വിഗ്ഗി രംഗത്തെത്തിയതോടെ സൊമാറ്റോയുടെ സാമൂഹിക മാധ്യമ പേജുകളില്‍ സ്വിഗ്ഗിയെ അഭിനന്ദിച്ച് കൊണ്ടുള്ള അഭിനന്ദന പ്രവാഹമായിരുന്നു.