സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവുമായി അമ്മ പരീക്ഷാ ഹാളില്‍, വരാന്തയില്‍ കാവലായി പൊലീസിനൊപ്പം പിഞ്ചുകുഞ്ഞ്

Advertisement

അഹമ്മദാബാദ്: സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവുമായി പരീക്ഷാ ഹാളില്‍ അമ്മ. വരാന്തയില്‍ കരഞ്ഞു തളര്‍ന്ന ആറുമാസം പ്രായമായ ആണ്‍ കുഞ്ഞിന് കാവലായി പൊലീസുകാരി. ഞായറാഴ്ച നടന്ന ഗുജറാത്ത് ഹൈക്കോടതി പ്യൂണ്‍ ഒഴിവിലേക്ക് നടന്ന എഴുത്ത് പരീക്ഷയില്‍ നിന്നുള്ളതാണ് കാഴ്ചകള്‍. പിഞ്ചുകുഞ്ഞിനെ കൂട്ടാതെ പരീക്ഷയ്ക്ക് എത്താന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല ഉദ്യോഗാര്‍ത്ഥിക്കുണ്ടായിരുന്നത്.

പരീക്ഷ തുടങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ കുഞ്ഞ് കരയാനും തുടങ്ങി. ഇതോടെ ഉദ്യോഗാര്‍ത്ഥി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഈ സമയത്താണ് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥിക്ക് സഹായവുമായി എത്തുന്നത്. ദയാ ബെന്‍ എന്ന വനിതാ കോണ്‍സ്റ്റബിള്‍ വളരെ പെട്ടന്ന് തന്നെ കുഞ്ഞിനെ കയ്യിലെടുത്തു. ഇതോടെ ഉദ്യോഗാര്‍ത്ഥി പരീക്ഷാ ഹാളിലേക്ക് കയറി.

പരീക്ഷ തീരും വരെ കുഞ്ഞിന് കളിപ്പിച്ചും ചിരിപ്പിച്ചും വരാന്തയില്‍ നിന്ന പൊലീസ് കോണ്‍സ്റ്റബിളിന്‍റെ ചിത്രങ്ങള്‍ അഹമ്മദാബാദ് പൊലീസാണ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചത്. പരീക്ഷാ കേന്ദ്രത്തിന്‍റെ കാവലിനൊപ്പം കുഞ്ഞിന്‍റെ കാവലും ഭംഗിയായി നിര്‍വ്വഹിച്ച പൊലീസുകാരിക്ക് സമൂഹമാധ്യമങ്ങള്‍ അഭിനന്ദനം കൊണ്ട് മൂടുകയാണിപ്പോള്‍.