റിതിക ബോറ എന്ന ട്വിറ്റർ ഉപയോക്താവ് ഒരു ഫാൻസി റെസ്റ്റോറൻറിൽ ഭക്ഷണം കഴിക്കവെ തനിക്കുണ്ടായ ഒരു അനുഭവം ട്വിറ്ററിൽ പങ്കുവച്ചു. റെസ്റ്റോറൻറിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങിയപ്പോൾ കുപ്പിവെള്ളത്തിന് 350 രൂപ ഈടാക്കിയെന്നും അതിനാൽ വെള്ള കുപ്പി താൻ റെസ്റ്റോറൻറിൽ ഉപേക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്നുമായിരുന്നു അവർ തൻറെ സാമൂഹിക മാധ്യമ പേജിലൂടെ പറഞ്ഞത്. ഒപ്പം താൻ ചെയ്തത് പോലെ നിങ്ങളും ചെയ്യുമോയെന്നും അവർ ചോദിച്ചു. ഒപ്പം വാങ്ങിയ വെള്ളക്കുപ്പിയുടെ ചിത്രവും അവർ പങ്കുവച്ചു. പിന്നാലെ ട്വിറ്ററിൽ ആ കുറിപ്പ് വൈറലായി. ആറ് ലക്ഷത്തി ഏഴുപത്തിയൊന്നായിരം പേരാണ് ആ ട്വിറ്റർ കുറിപ്പ് ഇതിനകം വായിച്ചത്. വീൻ സ്റ്റീൽ, പ്രകൃതിദത്ത കുടിവെള്ളം എന്ന് കുപ്പിയുടെ പുറത്ത് എഴുതിയിട്ടുണ്ട്.
കുറിപ്പ് വായിച്ചവരെല്ലാം വെള്ളക്കുപ്പിയുടെ വില കേട്ട് ഞെട്ടിയെന്ന് അവരുടെ മറു കുറിപ്പുകളിൽ വ്യക്തമാണ്. നിരവധി പേർ ഫാൻസി റെസ്റ്റോറൻറുകളിൽ നിന്ന് തങ്ങൾ കരസ്ഥമാക്കിയ നിരവധി ആകർഷകങ്ങളായി കുപ്പികളുടെ ചിത്രങ്ങൾ പങ്കുവച്ച് ‘ഞങ്ങളും നിങ്ങളെ പോലെ’ എന്ന് കുറിച്ചു. “ഒരു ഫാൻസി റെസ്റ്റോറൻറിൽ ഉച്ചഭക്ഷണത്തിന് ചെന്നപ്പോൾ ഒരു സുഹൃത്തിനെ കണ്ടുമുട്ടി, അവർ ഒരു കുപ്പി വെള്ളത്തിന് 350 രൂപ ഈടാക്കുമെന്ന് നിങ്ങൾ വിശ്വസിക്കില്ല. അതിനാൽ, കുപ്പി വീണ്ടും ഉപയോഗിക്കാനായി വീട്ടിലേക്ക് കൊണ്ടുവരാൻ ഞാൻ തീരുമാനിച്ചു. ഇത് ഞാൻ മാത്രമാണോ അതോ നീങ്ങളും ഇതു ചെയ്തിട്ടുണ്ടോ?” റിതികയുടെ കുറിപ്പ് നെറ്റിസൺസിന് ഏറെ ഇഷ്ടപ്പെട്ടു. നിരവധി പേർ സമാനമായ കഥകളുമായെത്തി. കുപ്പിയിലെ വെള്ളം അൻറാർട്ടിക്കയിൽ നിന്നാണോ വന്നതെന്നായിരുന്നു ഒരു ട്വിറ്റർ ഉപയോക്താവ് ചോദിച്ചത്.
മറ്റൊരാൾ എഴുതിയത്, അതിൽ മണി പ്ലാൻറ് നന്നായി വളരുമെന്നായിരുന്നു. സമാനമായ ഒരു അനുഭവം പങ്കുവച്ച മറ്റൊരാൾ ഫാൻസി റെസ്റ്റോറൻറുകളിൽ നിന്ന് അപ്രതീക്ഷിത പണ ചെലവ് ഒഴിവാക്കാൻ സാധാരണ വെള്ളം ആവശ്യപ്പെടാൻ നിർദ്ദേശിച്ചു. റിതികയെ പോലെ ട്രേകൾ, കപ്പുകൾ, തവികൾ, ലൈഫ് വെസ്റ്റ് എന്നിവയുൾപ്പെടെ വിവിധ എയർലൈൻ കട്ട്ലറി സെറ്റുകൾ വീട്ടിലേക്ക് കൊണ്ടുവരുന്ന മുത്തശ്ശിയുടെ ശീലത്തെ കുറിച്ച് ഒരു ഉപയോക്താവ് എഴുതി. “അവരാണ് ജെറ്റ് എയർവേസിനെ പാപ്പരത്തത്തിലേക്ക് നയിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.