കേസ് കൊടുക്കുന്നതും ജാമ്യത്തിലിറക്കുന്നതും ഭാര്യ തന്നെ; ഏഴ് തവണ അറസ്റ്റിലായതിന് ശേഷം ഭാര്യയ്ക്കെതിരെ പരാതി

Advertisement

അഹ്‍മദാബാദ്: ശല്യം കാരണം ഒപ്പം ജീവിക്കാനും വയ്യ എന്നാല്‍ പിരിഞ്ഞിരിക്കാനും വയ്യ എന്ന അവസ്ഥയിലുള്ള പലരെയും നമുക്ക് പരിചയമുണ്ടാകും. അത്തരത്തിലൊരു കുടുംബത്തിന്റെ കലഹ വാര്‍ത്തകളാണ് ഇപ്പോള്‍ ഗുജറാത്തില്‍ നിന്ന് ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്.

പത്ത് വര്‍ഷത്തിനിടെ ഏഴ് തവണ ഗാര്‍ഹിക പീഡന പരാതികളിന്മേല്‍ അറസ്റ്റിലായ ഭര്‍ത്താവിനെ എപ്പോഴും ജാമ്യത്തില്‍ പുറത്തിറക്കുന്നത് ഭാര്യ തന്നെയാണ്. വഴക്കും അടിപിടികളും, കേസിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും നീങ്ങിയ ശേഷം ഭര്‍ത്താവ് ജയിലിലാവുമ്പോള്‍ ഭാര്യയുടെ മനസ് അലിയും. പിന്നാലെ ജാമ്യത്തിലിറക്കി വീട്ടിലെത്തി താമസം തുടങ്ങുമ്പോള്‍ അധികം വൈകാതെ അടുത്ത തര്‍ക്കവും തുടങ്ങും.

പഠാനില്‍ നിന്നുള്ള പ്രേംചന്ദ് മാലിയും മെഹ്‍സാന സ്വദേശിനിയായ സോനു മാലിയും 2001ലാണ് വിവാഹിതരായത്. തുടര്‍ന്ന് കാഠിയില്‍ താമസം തുടങ്ങി. 2014 വരെ സമാധാന പൂര്‍ണമായിരുന്ന ജീവിതത്തില്‍ അതിന് ശേഷം പ്രശ്നങ്ങള്‍ തുടങ്ങി. 2014ല്‍ സോനു, ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കി. കോടതി ഇടപെട്ട് വിവാഹ മോചനം അനുവദിക്കുകയും ഭര്‍ത്താവ് മാസം തോറും 2000 രൂപ ജീവനാംശം നല്‍കണമെന്ന് വിധിക്കുകയും ചെയ്തു.

ദിവസ വേനതത്തിന് ജോലി ചെയ്യുന്ന പ്രേംചന്ദിന് പലപ്പോഴും ഈ പണം കൊടുക്കാന്‍ കഴിഞ്ഞില്ല. ഇത് കാരണം 2015ല്‍ ഭാര്യയുടെ പരാതിയിന്മേല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പിന്നാലെ അറസ്റ്റിലാവുകയും അഞ്ച് മാസം ജയിലില്‍ കിടക്കുകയും ചെയ്തു. എന്നാല്‍ മറ്റ് ബന്ധുക്കളൊന്നും മുന്നോട്ട് വരാതിരുന്നതിനെ തുടര്‍ന്ന് പ്രേംചന്ദിനെ ജാമ്യത്തിലിറക്കാന്‍ സോനു തന്നെ എത്തി. നിയമപരമായി ബന്ധം വേര്‍പെടുത്തിയെങ്കിലും ഇരുവരും ഒരുമിച്ച് ജീവിക്കാനും തുടങ്ങി. എന്നാല്‍ ഒപ്പം വഴക്കുകളും തര്‍ക്കങ്ങളും പുനഃരാരംഭിച്ചു.

പിന്നീട് 2016 മുതല്‍ 2018 വരെ ഓരോ വര്‍ഷവും പരാതി നല്‍കി സോനു ഭര്‍ത്താവിനെ ജയിലിലടച്ചു. ഓരോ തവണയും സോനു തന്നെ കോടതിയെ സമീപിച്ച് ജാമ്യവും തരപ്പെടുത്തിക്കൊടുത്തു. 2019ലും 2020ലും രണ്ട് തവണ ജീവനാംശം കൊടുക്കാത്തതിന്റെ പേരിലും ഇയാള്‍ അറസ്റ്റിലായി. അപ്പോഴും സോനു തന്നെ ജാമ്യത്തിലിറക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യത്തില്‍ ജീവനാംശം നല്‍കുന്നതില്‍ വീണ്ടും മുടക്കം വരുത്തിയതിനെ തുടര്‍ന്ന് പ്രേംചന്ദ് വീണ്ടും അറസ്റ്റിലായി.

അവസാനത്തെ ജയില്‍ വാസത്തിനൊടുവില്‍ ജൂലൈ നാലാം തീയ്യതിയാണ് പ്രേംചന്ദ്ര് പുറത്തിറങ്ങിയത്. എന്നാല്‍ തന്റെ പഴ്സും മൊബൈല്‍ ഫോണും കാണാനില്ലെന്ന് പറഞ്ഞ് പിറ്റേ ദിവസം തന്നെ വീട്ടില്‍ പ്രശ്നമുണ്ടാക്കി. തനിക്ക് അറിയില്ലെന്ന് സോനു പറഞ്ഞെങ്കിലും തര്‍ക്കം വഷളായി. ഇരുവരും പരസ്‍പരം മര്‍ദിച്ചു. ഇവരുടെ മകനായ 20 വയസുകാരന്‍ രവിയും അതില്‍ പങ്കുചേര്‍ന്നു. രണ്ട് പേരും ചേര്‍ന്ന് പ്രേംചന്ദിനെ ബാറ്റ് കൊണ്ട് അടിച്ചു.

തൊട്ടുപിന്നാലെ ഭാര്യയ്ക്കെതിരെ പ്രേംചന്ദ് പൊലീസില്‍ പരാതി നല്‍കി. ഭാര്യ തന്റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞെന്നായിരുന്നു ആരോപണം. ഒപ്പം വീടുവിട്ടിറങ്ങിയ പ്രേംചന്ദ് അമ്മയുടെ വീട്ടില്‍ പോയി താമസം തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഭാര്യയ്ക്കും മകനുമെതിരെ നല്‍കിയ കേസില്‍ പൊലീസ് നടപടി സ്വീകരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.